India

ബംഗ്ലാദേശില്‍ ജയിലില്‍ കഴിയുന്ന സ്വാമി ചിന്മോയ് കൃഷ്ണദാസിന് വേണ്ടി വാദിക്കേണ്ട അഭിഭാഷകന് ആക്രമിച്ചു; ഇനി കോടതിയില്‍ വാദിക്കാനും ആളില്ല

ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സ്വാമി ചിന്മോയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാനുള്ള കോടതി വാദം ഡിസംബര്‍ 3ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ചിന്മോയ് കൃഷ്ണദാസിന് വേണ്ടി കോടതിയില്‍ വാദിക്കാമെന്നേറ്റ അഭിഭാഷകനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

Published by

ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സ്വാമി ചിന്മോയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാനുള്ള കോടതി വാദം ഡിസംബര്‍ 3ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ചിന്മോയ് കൃഷ്ണദാസിന് വേണ്ടി കോടതിയില്‍ വാദിക്കാമെന്നേറ്റ അഭിഭാഷകനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മറ്റൊരു അഭിഭാഷകനും ഭയം മൂലം ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല.

ഡിസംബര്‍ 3 ചൊവ്വാഴ്ചയാണ് ബംഗ്ലാദേശ് ചിറ്റഗോംഗ് കോടതിയില്‍ ജാമ്യാപേക്ഷയിന്മേല്‍ വാദം കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ചിന്മോയ് കൃഷ്ണദാസിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ ഇനി അടുത്ത ജാമ്യാപേക്ഷയിന്മേലുള്ള അടുത്ത വാദം കോടതി ജനവരി രണ്ടിലേക്ക് നീട്ടിവെച്ചു. തനിക്ക് ജാമ്യം നല്‍കൂ എന്ന് ചിന്മോയ് കൃഷ്ണദാസ് അപേക്ഷിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. ചിന്മോയ് കൃഷ്ണദാസ് അതുവരേയും ജയിലില്‍ കിടക്കേണ്ടതായി വരും.

അഭിഭാഷകന്‍ രമണ്‍റോയിയാണ് ചിന്മോയ് കൃഷ്ണദാസിന് വേണ്ടി വാദിക്കാനിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ തിങ്കളാഴ്ച വൈകുന്നേരം ഒരു സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. ഇക്കാര്യം ഇസ്കോണ്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ വക്താവായ രാധാരമണ്‍ദാസ് ആണ് അറിയിച്ചത്. നവമ്പര്‍ 25നാണ് ചിന്മോയ് കൃഷ്ണദാസിനെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിമാര്‍ക്കും ഹിന്ദുസമൂഹത്തിനും ഹിന്ദു ആശ്രമങ്ങള്‍ക്കും നേരെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയിലേക്ക് ഓടിപ്പോരാന്‍ ശ്രമിച്ച ഇസ്കോണ്‍ ആശ്രമത്തിലെ 59 സന്യാസിമാരെ അതിര്‍ത്തിയില്‍ തടഞ്ഞ് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചത് കഴിഞ്ഞ ദിവസമാണ്. ചിന്മോയ് കൃഷ്ണദാസിന് പിന്നാലെ ഇസ്കോണിലെ നാല് പ്രധാനസന്യാസിമാരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സന്യാസിമാരെ കാണാനില്ലെന്നും പരാതിയുണ്ട്.

ഇസ്കോണിന്റെ രണ്ട് ക്ഷേത്രങ്ങളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. മറ്റ് ഏതാനും ഹിന്ദുക്ഷേത്രങ്ങള്‍കൂടി തകര്‍ത്തിരുന്നു. ഇന്ത്യ പലതവണ ആക്രമണങ്ങള്‍ അപലപിച്ചെങ്കിലും ബംഗ്ലാദേശ് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ പരാതി നല്‍കിയെങ്കിലും ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കുറ്റം ചെയ്തവരെ മാത്രമാണ് ശിക്ഷിച്ചതെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക