”പാവനമായ ഈ പച്ചപ്പതാകയ്ക്ക് നടുവിലെ ചെങ്കുങ്കുമപ്പൊട്ടുണ്ടല്ലോ.. അത് മഹത്തായ ഈ രാജ്യത്തിന്റെ പിറവിക്കും വളര്‍ച്ചയ്ക്കും വേണ്ടി ചോരയും വിയര്‍പ്പുമൊഴുക്കിയ, ജീവന് ബലിയര്‍പ്പിച്ച ലക്ഷാവധി ഹിന്ദുസോദരീസോദരന്മാരുടെ ഹൃദയരക്തം കൊണ്ട് ചോപ്പണിഞ്ഞതാണെന്ന് ആരും മറന്നുപോകരുത്…..” രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശിലെ മതഭീകര ഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിന്റെ ധീരോജ്ജ്വലമായ ഈ വാക്കുകളാണ് അവരെ ഭയപ്പെടുത്തിയത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ സംവരണപ്രശ്നമുന്നയിച്ച് സൃഷ്ടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ച് അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചുകയറിയ ജമാഅത്തെ ഇസ്ലാമിയുടെ ഭീകരക്കൂട്ടങ്ങള്‍ ചിന്മയ് കൃഷ്ണദാസിന്റെ വാക്കുകളിലെ അഗ്നിയെ ഭയന്നതിന് കാരണങ്ങളേറെയുണ്ട്. ബംഗ്ലാദേശിന്റെ യഥാര്‍ത്ഥ പൈതൃകം അതിര്‍ത്തിവേലിക്കിപ്പുറത്ത് ബേലൂരില്‍, കാളീഘട്ടില്‍, ദക്ഷിണേശ്വരത്ത് ഉണര്‍ന്നുജ്ജ്വലിക്കുന്നതാണെന്ന് ആരേക്കാളും നന്നായി അവര്‍ക്കറിയാം. സാക്ഷാല്‍ ചാമുണ്ഡേശ്വരി വാണരുളുന്ന ഢാക്കയുടെ അപാരമായ അനുഗ്രഹ നിഗ്രഹ ശക്തിയെത്രയെന്ന് 1971ലെ പോര്‍നിലങ്ങള്‍ മുതല്‍ അവര്‍ കണ്ടതാണ്.
2024 ആഗസ്ത് അഞ്ചിന് ഷേഖ് ഹസീനയുടെ അവാമി ലീഗ് ഭരണത്തെ അട്ടിമറിച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭീകരക്കൂട്ടം ബംഗ്ലാദേശിന്റെ മണ്ണില്‍ അരാജകത്വം അഴിച്ചുവിട്ടത്. ഹസീനയുടെ ബംഗ്ലാവ് കൊള്ളയടിച്ച അക്രമികള്‍ അധികാരമദം കൊണ്ട് കണ്ണുകാണാതെ ആ രാത്രിയും പകലും അവാമി ലീഗ് പ്രവര്‍ത്തകരെ കൊന്നും കൊള്ളയടിച്ചും പക തീര്‍ത്തു. ആ പകലറുതിക്ക് മുമ്പ് അധികാരമദം മതവെറിക്ക് വഴിമാറി. അക്രമികള്‍ക്ക് പിന്നില്‍ അത്രനേരം നിന്ന മതഭീകരക്കൂട്ടം ബംഗ്ലാദേശിലെ അമുസ്ലീങ്ങളെ വേട്ടയാടി. ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും സിഖുകാരുടെയും ബൗദ്ധന്മാരുടെയും ആരാധനാലയങ്ങള്‍ കൊള്ളയടിച്ചു. പലതും അഗ്നിക്കിരയാക്കി. വീടുകളില്‍ കടന്നുകയറി. അമ്മമാരെ മുടിക്കുത്തിന് പിടിച്ച് നിരത്തില്‍ വലിച്ചിഴച്ചു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. ആണുങ്ങളെ കൊന്നുതള്ളി. ബംഗ്ലാദേശിനെ ഇസ്ലാമിക് സ്റ്റേറ്റാക്കാന്‍ കാലങ്ങളായി തുടര്‍ന്നുവന്ന നിഗൂഢനീക്കത്തിന്റെ പ്രായോഗിക പരീക്ഷണശാലയാക്കുകയായിരുന്നു അവര്‍ ഈ അവസരം.
എന്നാല്‍ അവര്‍ക്ക് തെറ്റി. ഇത്രയും ഭീകരമായ അതിക്രമങ്ങള്‍ അരങ്ങേറിയിട്ടും ഒരു ഹിന്ദു പോലും ബംഗ്ലാദേശിന്റെ മണ്ണ് വിട്ട് പലായനം ചെയ്തില്ല. ഷേഖ് ഹസീനയും അനുയായികളും ഒഴിച്ച് ആരും ഭയന്ന് ഒളിച്ചോടിയില്ല. അക്രമത്തിന്റെ നാലാം നാള് അന്നാട്ടിലെ ഹിന്ദുക്കള്‍ പ്രതിരോധത്തിനൊരുങ്ങി. അടുക്കളയില്‍ നിന്നാണ് ആ പോരാട്ടം ആരംഭിച്ചത്. ആര്‍ത്തിയും ആസക്തിയും കൊണ്ട് ഭ്രാന്തന്മാരായിപ്പോയ അക്രമിക്കൂട്ടത്തെ കറിക്കത്തിയും ചിരവത്തടിയുമടക്കമുള്ളവ ആയുധങ്ങളാക്കി അമ്മമാര്‍ നേരിട്ടു. പെണ്‍കുട്ടികളോട് ദേവി ദുര്‍ഗയുടെ അവതാരങ്ങളാകാന്‍ ആഹ്വാനം ചെയ്തു. വീടുവിട്ട് പുറത്തിറങ്ങിയ സ്ത്രീകള്‍ ഢാക്കേശ്വരിയുടെ മുന്നില്‍ പ്രതിജ്ഞയെടുത്തു. ബംഗ്ലാദേശിന്റെ പൈതൃകാവകാശം ആര്‍ക്കെങ്കിലും തീറെഴുതി കുലദേവതകളെ ഉപേക്ഷിച്ച് ഒളിച്ചോടില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു.
ആ പ്രതിരോധം ഉയര്‍ത്തിയ തീജ്വാലകളിലേക്കാണ് ബംഗ്ലാദേശിലെ സമസ്ത മതന്യൂനപക്ഷത്തെയും ചേര്‍ത്തുപിടിച്ച് സംരക്ഷിക്കാന്‍ ആഹ്ലാനം ചെയ്തുകൊണ്ട് ബംഗ്ലാദേശ് സനാതന ജാഗരണ്‍ മഞ്ചും ബംഗ്ലാദേശ് സമ്മിളിത് ശംഖ് ലഘു ജോതും ഒരുമിച്ചത്. ചിറ്റഗോങ്ങില്‍ പതിനായിരങ്ങള്‍ അണിനിരന്ന മഹാറാലിയില്‍ ഇരുസംഘടനകളും ഒന്നായിത്തീര്‍ന്നു. പ്രൗഢമായ ബംഗ്ലാ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ ഉയര്‍ത്തി അവര്‍ ബംഗ്ലാദേശ് സമ്മിളിത് സനാതന്‍ ജാഗരണ്‍ ജോത് എന്ന മുന്നേറ്റത്തിന് രൂപം നല്കി. ഇസ്കോണ്‍ ആചാര്യന്മാരിലൊരാളായ ചിന്മയ് കൃഷ്ണ ദാസ് സംഘടനയുടെ നാക്കായി. ചിന്മയ് ബംഗ്ലാ ശേര് (ബംഗ്ലാ സിംഹം) ആയി.
മുഹമ്മദ് യൂനസ് എന്ന പാവ ഭരണാധികാരിയെ മുന്നില്‍ നിര്‍ത്തി മതമേധാവികള്‍ നടത്തുന്ന ഭരണം അംഗീകരിക്കില്ലെന്ന് ലോകമൊട്ടാകെയുള്ള ബംഗ്ലാദേശി സമൂഹം പ്രഖ്യാപിച്ച കാലമായിരുന്നു അത്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പോയ യൂനസിനെതിരെ അമേരിക്കയിലെ ബംഗ്ലാദേശി സമൂഹം പ്രതിഷേധമുയര്‍ത്തി. യൂനസ് താമസിച്ച ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ ഞങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല, ഇയാള്‍ ഞങ്ങളുടെ പ്രതിനിധിയല്ല എന്ന് വിളിച്ചു പറഞ്ഞു. യൂനസിന്റെ കോലം വിദേശ രാജ്യങ്ങളില്‍ പലയിടത്തും കത്തിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ ഈ പ്രതിഷേധം ചലനം
സൃഷ്ടിച്ചുതുടങ്ങിയ പ്പോള്‍ യൂനസ് സര്‍ക്കാര്‍ അല്പം അയഞ്ഞു. ദുര്‍ഗാപൂജ നടത്തുമ്പോള്‍ ആരും പ്രശ്നമുണ്ടാക്കരുതെന്ന് യൂനസ് സ്വന്തം അക്രമിക്കൂട്ടത്തെ ഉപദേശിച്ചു. ആ ഒമ്പതുനാള്‍ ശാന്തരായിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദുര്‍ഗാപൂജ കൊണ്ടാടാന്‍ ആരുടെയും ഔദാര്യവും മഹാമനസ്കതയും വേണ്ടെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശ് സമ്മിളിത് സനാതന്‍ ജാഗരണ്‍ ജോത് രംഗത്തുവന്നു.
ഒക്ടോബറില്‍ ചിറ്റഗോങ്ങില്‍ ചേര്‍ന്ന റാലിയില്‍ ചിന്മയന്റെ പ്രസംഗം മതവെറിയന്മാരുടെ അധികാരാര്‍ത്തിക്ക് മേലുള്ള കടന്നാക്രമണമായിരുന്നു. അദ്ദേഹം ബംഗ്ലാദേശിന്റെ പിറവിയെക്കുറിച്ച് ഓരോരുത്തരെയും ഓര്‍മ്മിപ്പിച്ചു. ബംഗ്ലാഭാഷയ്ക്കും സംസ്കാരത്തിനും മേല്‍ ഉറുദു അടിച്ചേല്പിക്കാന് നടത്തിയ നീക്കത്തിനെതിരെ നടന്ന ആഭ്യന്തരയുദ്ധത്തെക്കുറിച്ച്, അതിലെ ബലിദാനങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞു. പത്ത് ലക്ഷത്തിലേറെ ബംഗ്ലാദേശി സ്ത്രീകളെ കൊന്നും കൊള്ളയടിച്ചും മാനഭംഗം ചെയ്തും ആഘോഷിച്ച പാകിസ്ഥാനി ഭീകരതയെ ഒത്തുചേര്‍ന്ന് ചെറുത്തതിനെപ്പറ്റി, ഭാരതീയ സൈനികര്‍ നടത്തിയ ഐതിഹാസികമായ ഇടപെടലിനെപ്പറ്റി, മതഭേദമില്ലാതെ ബംഗ്ലാപ്രൗഢിക്ക് വേണ്ടി പൊരുതിയ കാലത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു.
ഭയന്നുപോയ ഭരണകൂടം മറുപടി പറഞ്ഞത് പ്രഭു ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തുകൊണ്ടായിരുന്നു. ബംഗ്ലാ ദേശീയ പതാകയ്ക്ക് മേല്‍ കാവിപതാകകള്‍ പറന്നതായിരുന്നു പ്രകോപനം. ദേശീയപതാകയോട് അനാദരവ് കാണിച്ചുപോലും. ആ പതാകയുടെ പ്രൗഢിയെ കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. പക്ഷേ ഭയവും പകയും കൊണ്ട് അന്ധരായിപ്പോയ ഭരണകൂടം ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. പുണ്ഡരികനാഥന്റെ ഉപാസകനെ ബലം പ്രയോഗിച്ച് സൈനിക വാഹനത്തില്‍ പിടിച്ചുകയറ്റി. ജനം ഭയന്നുപിന്മാറുമെന്ന് കരുതിയ മര്‍ദക ഭരണത്തിന് പക്ഷേ തെറ്റി. ഇസ്കോണിന്റെ പുരോഹിതന് ബംഗ്ലാദേശിലെ മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെ ആവേശമായി മാറി. അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമൊട്ടാകെ പ്രതിഷേധക്കടലിരമ്പുന്നു.
പന്ത്രണ്ടാംവയസില്‍ എല്ലാമുപേക്ഷിച്ച് സംന്യാസിയായതാണ് ഭഗവാന് കൃഷ്ണന്റെ ജീവിതദര്‍ശനം പ്രചരിപ്പിക്കാന്‍ വ്രതമെടുത്ത ചിന്മയന്. അനാസക്തനായ ഒരു സംന്യാസിയുടെ കരുത്ത്, അടിമുടി ആസക്തിയില്‍ മുങ്ങിക്കുളിച്ച സിദ്ധാന്തങ്ങളുടെ ആരാധകര്‍ക്ക് മനസിലാകാതെ പോകുന്നത് അവരുടെ ദൗര്‍ഭാഗ്യമാണ്.
ചിന്മയ് കൃഷ്ണദാസ് എന്നത് ഇപ്പോള്‍ ഒരു മുന്നേറ്റത്തിന്റെ പേരാണ്. 1985 മെയ് മാസത്തില്‍ ചട്ടോഗ്രാമിലെ സത്കാനിയ ഉപജില്ലയിലെ കരിയാനഗര്‍ ഗ്രാമത്തില്‍ ജനിച്ചവന്. വാക്കില്‍ സരസ്വതി നിറഞ്ഞവന്. ബംഗ്ലാദേശിനെ ഹിന്ദുത്വത്തിന്റെ ദര്‍ശനധാരയിലേക്ക് ആനയിച്ച ബാലബ്രഹ്മചാരി. 1997ല്‍ പന്ത്രണ്ടാം വയസില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭജനമണ്ഡലികളെ നയിച്ചവന്‍…. 1971ലെ ബംഗ്ലാ വിമോചനയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട നാടിനും നാട്ടുകാര്‍ക്കും വേണ്ടി ലോകമാകെ സഞ്ചരിച്ച് ഭിക്ഷാടനം നടത്തി 2.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് വിതരണം ചെയ്ത ഇസ്കോണ്‍ ആചാര്യന് ശ്രീല പ്രഭുപാദരുടെ പിന്മുറക്കാരന്, പ്രളയത്തിലും കൊവിഡിലും പതറിയ നാടിനെ മതം നോക്കാതെ ചേര്‍ത്തുപിടിച്ച യഥാര്‍ത്ഥ ജനസേവകന്… ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റും ജയില്‍വാസവും വിങ്ങലും അമര്‍ഷവുമായി നിറയുന്നവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടക്കം ബംഗ്ലാദേശിലെ ദേശീയവാദികളെല്ലാം ഉണ്ട്…ആ അമര്‍ഷം അഗ്നിപര്‍വതമായി വളരുകയാണ്…
ആഗസ്ത് അഞ്ചിലെ അട്ടിമറിയില്‍ തുടങ്ങിയതല്ല മതവെറിപൂണ്ട അക്രമങ്ങളെന്ന് അവര്‍ക്കറിയാം. ഓരോ ദുര്‍ഗാപൂജയിലും അവിടെ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ദേവതാബിംബങ്ങള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. മാതാ മാനസാ ദേവി ക്ഷേത്രം അവരുടെ മുന്നില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവും അടക്കം 52 ജില്ലകളില്‍ 205 ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ 39 എണ്ണത്തിന് മാത്രമാണ് കേസെടുത്തത്. ചട്ടോഗ്രാമിലെ ലോക്നാഥ് മന്ദിര്‍ അവര്‍ കൊള്ളിവച്ചു. ജനാധിപത്യ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹം അപമാനങ്ങളില്‍ പ്രകോപിതരാകാതെ ഇത്രകാലം മുന്നോട്ടുപോയി. സഹനത്തിന്റെ ഈ കാലമത്രയും ബംഗ്ലാദേശിനും ലോകത്തിനും മുന്നിലുണ്ട്.
ചിന്മയ് എന്ന മുപ്പത്തൊമ്പതുകാരന് ഇസ്കോണിന്റെ ആകാശങ്ങള്‍ക്കപ്പുറം ബംഗ്ലാ അഭിമാനത്തിന്റെ കാവലാളായി വളര്‍ന്നിരിക്കുന്നു, എല്ലാ സമ്പ്രദായങ്ങള്‍ക്കും മീതെയാണ് സനാതനസംസ്കൃതിയുടെ വിജയനാദം മുഴങ്ങുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിന്മയ ബംഗ്ലാ എന്ന് അവിടെ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ മുഴങ്ങുന്നത്.
പവിത്രഗംഗയും ബ്രഹ്മപുത്രയും മേഘ്നയും ഒഴുകുന്ന ബംഗ്ലാസംസ്കൃതിയുടെ അതിജീവന പോരാട്ടമാണിത്. ദുര്‍ഗാപൂജയും കാളീപൂജയും ബസന്തപഞ്ചമിയും രാമനവമിയും ഹോളിയും ബുദ്ധപൂര്‍ണിമയും ഈസ്റ്ററും ക്രിസ്തുമസും കൊണ്ടാടുന്ന ജനായത്ത ബംഗ്ലായുടെ നിലനില്പിന് വേണ്ടിയാണ് സമരം. പുരാതന ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യമാണ് ബംഗ്ലാദേശിനെ മതഭീകരതയോട് ചെറുക്കാന്‍ സജ്ജമാക്കുന്നത്. ശ്രീലങ്ക വരെ പടയോട്ടം നടത്തിയ വംഗരാജകുമാരന്‍ വിജയസിംഹന് മുതല്‍ വാഗശ്വമേധം കൊണ്ട് ലോകത്തെ ജയിച്ച വിവേകാനന്ദസ്വാമികള്‍ വരെയുള്ള ധീരപൈതൃകങ്ങള്‍ പൊരുതാനുറച്ചിറങ്ങിയ ബംഗ്ലാ സിംഹങ്ങള്‍ക്ക്, നൂറുകണക്കിന് ചിന്മയന്മാര്‍ക്ക് പ്രേരണയാണ്.
ഒറ്റയ്ക്കല്ലെന്ന് ലോകം ബംഗ്ലാദേശിനോട് വിളിച്ചുപറയുന്നു. തലകുനിക്കാതെ, പലായനം ചെയ്യാതെ പോരാടാന്‍ ഭാരതം അവര്‍ക്ക് പ്രേരണ നല്കുന്നു. ആസാമിലെ കരിംഗഞ്ചില്‍ ഇക്കഴിഞ്ഞ ദിവസം ഒരു ലക്ഷം പേര് ബംഗ്ലാ അതിര്‍ത്തിയിലേക്ക് നടത്തിയ പദയാത്ര പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും നടുവിലും ആത്മാഭിമാനത്തോടെ പോരാടുന്ന ബംഗ്ലാജനതയ്ക്കുള്ള ഐക്യദാര്‍ഢ്യപ്രവാഹത്തിന്റെ ഒരംശം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: