കേരളത്തിലെ സിപിഎമ്മിന് എന്താണ് പറ്റിയത്. അച്ചടക്കത്തിന്റെയും പ്രതിബദ്ധതയുടെയും ത്യാഗത്തിന്റെയും അഴിമതി വിരുദ്ധതയുടെയും പ്രതീകമായാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുകയെന്ന് പഴയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പല നേതാക്കളുടെയും ജീവിതം ആദര്‍ശ ശുദ്ധിയുടെയും അഴിമതിരാഹിത്യത്തിന്റെയും പ്രതീകമായിരുന്നു. സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പാളക്കര കൈലിമുണ്ട് ഉടുത്തെത്തിയ ആര്. സുഗതനും സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ജീവിച്ച പി. കൃഷ്ണപിള്ളയും പാര്‍ട്ടിയുടെ വാക്കുകള്‍ അതേപടി വിഴുങ്ങി ഗര്‍ജിക്കുന്ന തോക്കുകളെ നേരിടാന്‍ അടയ്ക്കാമരം കൊണ്ട് വാരിക്കുന്തം ഉണ്ടാക്കിയ കുന്തക്കാരന് പത്രോസും സാധാരണ ക്കാരുടെ പ്രതീകങ്ങളായിരുന്നു. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന സ്വപ്ന സദൃശ്യമായ മുദ്രാവാക്യവുമായി അരപ്പട്ടിണിക്കാരുടെയും മുഴുപ്പട്ടിണിക്കാരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തില്‍ വേരൂന്നാന്‍ അധികകാലം വേണ്ടിവന്നില്ല. വര്‍ഗീയതയും അവസരവാദ രാഷ്ട്രീയവും പാര്‍ട്ടി താല്പര്യത്തിനനുസരിച്ച് സന്ദര്‍ഭോചിതമായി ഉപയോഗിക്കാനും അവര്‍ക്ക് മടി ഉണ്ടായിരുന്നില്ല.
1957ല്‍ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഹിന്ദു താല്പര്യവും വര്‍ഗീയതയും എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മുന്‍ ഡയറക്ടര്‍ തോമസ് മാത്യു ദ കമ്മ്യൂണല്‍ റോഡ് ടു സെക്കുലര്‍ കേരള എന്ന ഗവേഷണ പ്രബന്ധത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. രാമസിംഹന് വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇസ്ലാമിക ഭീകരരെ രക്ഷിച്ച സംഭവം മലബാറിലും, ശബരിമല തീവയ്പ്പില്‍ തുടരന്വേഷണം നടത്താത്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെതിരെ തൃശ്ശൂരിന് തെക്കോട്ടും അവര്‍ പ്രചാരണം നടത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ രണ്ടു സംഭവങ്ങളിലും നടപടി ഉണ്ടാകും എന്നായിരുന്നു വാഗ്ദാനം. മന്നത്ത് പത്മനാഭന്റെയും ഈഴവ സമുദായത്തിന്റെയും പിന്തുണ അവര്‍ നേടിയെങ്കിലും പിന്നീട് ഒന്നും ചെയ്തില്ല. മാത്രമല്ല, മന്നത്തിന്റെ താല്പര്യങ്ങള്ക്കെതിരെ നിലപാടും സ്വീകരിച്ചു. ഹിന്ദു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ പ്രധാനമായും ഈഴവ സമുദായത്തെയും മറ്റു ഹൈന്ദവ വിഭാഗങ്ങളെയും പാര്‍ട്ടി നേതൃത്വത്തിലും കേഡറിലും അണിനിരത്തിയാണ് സിപിഎം ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുത്തത്.
പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതല ഏല്ക്കുന്നതു വരെ ഒരു പരിധിവരെ ഈ പാര്‍ട്ടി സംവിധാനം ശക്തമായി തന്നെ നിലകൊണ്ടു. ഈഴവ സമുദായമായിരുന്നു പാര്‍ട്ടിയുടെ നട്ടെല്ലും പിന്‍ബലവും. പിണറായി അധികാരത്തിലെത്തുകയും പുതിയ മരുമകന് കുടുംബത്തിലെത്തുകയും ചെയ്തതോടെ സിപിഎമ്മിന്റെ അലകും പിടിയും ഈഴവ സമുദായത്തില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും നഷ്ടമായി. കേരളത്തിലുടനീളം സിമിയുടെയും ജിഹാദി സംഘടനകളുടെയും പ്രവര്‍ത്തകര്‍ തന്ത്രപരമായി സിപിഎമ്മിന്റെ എല്ലാ തലത്തിലേക്കും നേതാക്കളായെത്തി. ഈഴവ, പിന്നാക്ക നേതാക്കന്മാരെ പിറകില്‍ നിന്ന് കുത്തുകയും അവരെ വ്യാപകമായി ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി. പാര്‍ട്ടിയുടെ സംഘടനാസംവിധാനത്തിലും ഭരണതലത്തിലും അഴിമതിക്കാരും സ്വജനപക്ഷപാതികളും ലൈംഗിക ആരോപണ വിധേയരും നിര്‍ബാധം വിഹരിക്കുന്ന സാഹചര്യമുണ്ടായി. ലൈംഗിക പീഡനക്കേസുകളില്‍ പാര്‍ട്ടിയില്‍ നടപടിയില്ല. പകരം തീവ്രതയളന്ന് കുറ്റവിമുക്തരാക്കുകയും ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് മുമ്പുനടന്ന എറണാകുളം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം പൂര്‍ണമായും ജിഹാദികളുടെ കൈകളിലേക്കെത്തി എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം പരസ്യമായി സമ്മേളനം ബഹിഷ്കരിച്ചു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും ഈ ആരോപണം ആവര്‍ത്തിച്ചെങ്കിലും അത് ഗൗരവമായി കാണാനോ നടപടിയെടുക്കാനോ പാര്‍ട്ടി സംവിധാനം തയ്യാറായില്ല.
ഇക്കുറി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ സംഘര്‍ഷത്തിന്റെയും പോരാട്ടത്തിന്റെയും പരസ്യ വേദിയായി മാറിയിരിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇന്ന് സിപിഎം വേദിയിലെ സംഘര്‍ഷം. കരുനാഗപ്പള്ളിയിലെ കുലശേഖരപുരം
നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗങ്ങളായ കെ. രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ സമ്മേളന ഹാളില്‍ പ്രതിനിധികള്‍ പൂട്ടിയിട്ടു. പുറത്തേക്കുള്ള ഗേറ്റ് കൂടി പൂട്ടിയതോടെ ഇവര്‍ ഹാളില്‍ അകപ്പെട്ടു. സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ ആളെ പാനലില്‍ ഉള്‍പ്പെടുത്തി എന്നത് മുതല്‍ സാമ്പത്തിക ക്രമക്കേട്, നിയമന തട്ടിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി, ഗുണ്ടായിസം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയാണ് നേതാക്കളെ പൂട്ടിയിട്ടതും പിന്നീട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തിയതും. 10 ലോക്കല്‍ കമ്മിറ്റികളുള്ള കരുനാഗപ്പള്ളിയില്‍ ഏഴിടത്തും ലോക്കല്‍ സമ്മേളനങ്ങള്‍ മത്സരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സംസ്ഥാന കമ്മിറ്റി അംഗമായ സൂസന് കോടിയേയും ജില്ലാ കമ്മിറ്റി അംഗം പി.ആര്. വസന്തനെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതേസമയം പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമത വിഭാഗം സമാന്തര ലോക്കല്‍ സമ്മേളനം നടത്തി. ഇഎംഎസ് സ്മാരകം എന്ന പേരില്‍ സമാന്തര ഓഫീസും തുറന്നു. കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ജില്ലാ സെക്രട്ടറിയുടെ താല്പര്യപ്രകാരം ലോക്കല്‍ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കൊഴിഞ്ഞാമ്പാറയില്‍ പാര്‍ട്ടി അണികള്‍ കലാപം ഉണ്ടാക്കിയത്.
അതേസമയം ആലപ്പുഴയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയനായ യുവ നേതാവ് ബിപിന്‍.സി.ബാബു ബിജെപി അംഗത്വം എടുത്തു. കഴിഞ്ഞ കുറേ കാലമായി സിപിഎമ്മില്‍ പുകയുന്ന ജിഹാദി സ്വാധീനം തന്നെയാണ് ബിപിനെ പോലെയുള്ള ശ്രദ്ധേയരായ യുവ നേതാക്കളെ ദേശീയ ചിന്താധാരയിലേക്കും ബിജെപിയിലേക്കും ആകര്‍ഷിക്കുന്നത്. കേരളത്തില്‍ വരാന്‍ പോകുന്ന രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സൂചനയാണിത്. സിപിഎമ്മിന്റെ മന്ത്രിസഭകളില്‍ അംഗമായിരുന്നിട്ട് ഒരു അഴിമതി ആരോപണം പോലും ഇല്ലാതെ സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്ത ജി.സുധാകരനെ അച്യുതാനന്ദന് പിന്നാലെ കറിവേപ്പില പോലെ വലിച്ചെറിയുകയാണ് സിപിഎം ചെയ്തത്. ഇത്തവണ അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ ക്ഷണിതാവായി പോലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജിഹാദി കൂട്ടായ്മയാണ് ആലപ്പുഴയിലെ സിപിഎമ്മിനെ നയിക്കുന്നതെന്ന് ബിപിന്‍ സി ബാബു മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞു. പാര്‍ട്ടിയുടെ ഈറ്റില്ലമായ ആലപ്പുഴയിലെ തകര്‍ച്ച ചെറുതല്ല. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ സിപിഎം പാര്‍ട്ടി അംഗങ്ങളുള്ള മുതുകുളത്ത് അടക്കം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയതും നിസാരമായി കാണാനാവില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് ഒരുകാലത്ത് മലപ്പുറം ജില്ലയും കലിക്കറ്റ് യൂണിവേഴ്സിറ്റിയും മാത്രമല്ല തളി ക്ഷേത്രത്തിന്റെ സ്ഥലം പോലും ജിഹാദികള്‍ക്ക് അടിയറ വെച്ച് പാര്‍ട്ടിയെ കെട്ടിപ്പടുക്കാനും ന്യൂനപക്ഷ വോട്ട് ബാങ്ക് ഒപ്പമാക്കാനും ശ്രമം നടത്തിയിരുന്നു. പിന്നീട് ഇഎംഎസ് തെറ്റ് തിരുത്തുകയും ലീഗ് വര്‍ഗീയമാണെന്ന് തുറന്നടിക്കുകയും ചെയ്തു. ഇഎംഎസ് തിരുത്തിയ തെറ്റാണ് ഇന്ന് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംവിധാനം മാത്രമല്ല പാര്‍ട്ടിയുടെ അലകും പിടിയും പോലും ജിഹാദികളുടെ കൈകളിലേക്ക് എത്തുംവിധം പാര്‍ട്ടി സംവിധാനത്തെ തകര്‍ത്തെറിഞ്ഞതിന് പിന്നില്‍ പിണറായി വിജയന്റെ രക്തപങ്കിലമായ കൈകളുണ്ട്.
ത്രിപുരയിലെയും ബംഗാളിലെയും പോലെ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ചരിത്രത്തിന്റെ മ്യൂസിയത്തിലേക്ക് സിപിഎമ്മും ഒരു മെഴുകു പ്രതിമയായി എത്തും എന്ന കാര്യത്തില്‍ സംശയമില്ല. പിണറായിക്ക് ശേഷം ഒരു സിപിഎം മുഖ്യമന്ത്രി ഇനി ഉണ്ടാകുമോ എന്ന കാര്യവും കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: