India

മോദി ‘ സബര്‍മതി റിപ്പോര്‍ട്ട് ‘ എന്ന സിനിമ കാണാന്‍ കാരണം ഇതാണ്….

Published by

ന്യൂദല്‍ഹി : ചരിത്രത്തിലെ ഏറ്റവും നാണം കെട്ട സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരുന്ന സിനിമ എന്നാണ് സബര്‍മതി എക്സ്പ്രസിനെക്കുറിച്ച് ജേണലിസ്റ്റ്  അലോക് ഭട്ട് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ പോസ്റ്റ് പ്രധാനമന്ത്രി മോദി പങ്കുവെയ്‌ക്കുകയും ചെയ്തു.

സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ 19 ദിവസത്തില്‍ 30 കോടിയോളം നേടി മുന്നേറുകയാണ്. ജേണലിസ്റ്റുകളുടെ ജീവിതത്തിലൂടെ 59 പേരെ ഒരു ട്രെയിനിന്റെ ബോഗിയിലിട്ട് ചുട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയുടെ സത്യം പുറത്തുകൊണ്ടുവരുന്ന  സിനിമയാണ് സബര്‍മതി റിപ്പോര്‍ട്ട്. മോദി പ്രധാനമന്ത്രിയായ ശേഷം പത്ത് വര്‍ഷത്തില്‍ കണ്ട ചുരുക്കം സിനിമകളില്‍ ഒന്നാണ് സബര്‍മതി റിപ്പോര്‍ട്ട്. തന്റെ മകളുടെ പേരില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്ന് ഹിന്ദി നടന്‍ ജിതേന്ദ്ര പറയുന്നു. ജിതേന്ദ്രയുടെ മകള്‍ ഏക്ത കപൂര്‍ ആണ് സബര്‍മതി റിപ്പോര്‍ട്ടിന്റെ നിര്‍മ്മാതാവ്.

മോദി ഈ സിനിമ കാണാന്‍ പ്രത്യേകം കാരണമുണ്ട്. കാരണം ഈ സിനിമ ഗോധ്ര തീവണ്ടിയിലെ തീവെപ്പാണ് കാണിക്കുന്നത്. ഏകദേശം 16 ദിവസം പ്രായമായ കുഞ്ഞ് അടക്കം 59 പേര്‍ ചുട്ടുകൊല്ലപ്പെട്ട ഗോധ്ര കലാപത്തെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ജേണലിസ്റ്റ് കുറെ നഗ്നസത്യങ്ങള്‍ തിരിച്ചറിയുകയാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്ന എന്‍ജിഒ സംഘടനകള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് ഈ സിനിമ.

എന്‍ജിഒ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ് എന്ന സംഘടനയുടെ സെക്രട്ടറി തീസ്ത സെതല്‍വാദ് എത്രയോ വര്‍ഷമായി ഗുജറാത്ത്കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ ആക്രമണം നടത്തിവരികയാണ്. അവര്‍ സുപ്രീംകോടതിയില്‍ വരെ മോദിയ്‌ക്കെതിരെ പോയി. പക്ഷെ പരാജയപ്പെട്ടു. സഞ്ജീവ് ഭട്ട് എന്ന ഗുജറാത്തിലെ പൊലീസ് ഓഫീസര്‍ക്ക് മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡബിള്‍ പ്രൊമോഷനാണ് നല്‍കിയത്. ഈ പൊലീസ് ഓഫീസറും ഗുജറാത്ത്കലാപത്തിന്റെ പേരില്‍ മോദിയെ വേട്ടയാടാന്‍ തുനിഞ്ഞിരുന്നു.

ഗോധ്ര തീവണ്ടിയിലെ ഒരു ബോഗിയ്‌ക്ക് പുറത്ത് നിന്നും തീകൊളുത്തുകയാണ് ഉണ്ടായതെന്ന് പറയുന്നു. മാത്രമല്ല, ബോഗിയ്‌ക്കുള്ളിലെ ആരും രക്ഷപ്പെടാതിരിക്കാന്‍ വാതിലുകള്‍ പുറത്തുനിന്നും കൊട്ടിയടക്കുകയും ചെയ്തതായി പറയുന്നു. കത്തിക്കരിഞ്ഞ ഇവരുടെ മൃതദേഹങ്ങള്‍ അടച്ചിട്ട ആംബുലന്‍സിലാണ് ബന്ധുക്കള്‍ സ്വീകരിക്കുന്നത്. ഈ സംഭവമാണ് പിന്നീട് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്.

എന്തായാലും 50 കോടി ചെലവഴിച്ച നിര്‍മ്മിച്ച ഈ സിനിമ സത്യം തുറന്നുകാണിക്കുകയാണ്. അതാണ് മോദി ഈ സിനിമ കാണാന്‍ കാരണം. “വ്യാജമായ വിവരണങ്ങള്‍ക്ക് ഒരു ചെറിയ കാലത്തിനപ്പുറം നിലനില്‍പില്ല. ഒടുവില്‍ ഗോധ്രയെക്കുറിച്ചുള്ള സത്യം പറത്തുവന്നിരിക്കുന്നു. വസ്തുതകള്‍ മാത്രമാണ് ഈ സിനിമ കാണിക്കുന്നത്. “- ഈ സിനിമയെക്കുറിച്ച് നേരത്തെ തന്നെ മോദി നടത്തിയ അഭിപ്രായപ്രകടനമാണിത്.

‘ട്വല്‍ത് ഫെയില്‍ (Twelth Fail) എന്ന സൂപ്പര്‍ ബോളിവുഡ് ഹിറ്റിന് ശേഷം വിക്രാന്ത് മാസി എന്ന നടന്‍ നായകനായി എത്തുന്ന സിനിമ കൂടിയാണ് സബര്‍മതി റിപ്പോര്‍ട്ട്. മോദിയ്‌ക്കൊപ്പം തിങ്കളാഴ്ച പ്രത്യേക സ്ക്രീനിംഗ് കാണാന്‍ പോയ അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് വിക്രാന്ത് മാസി പ്രതികരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ നിമിഷമാണ് പ്രധാനമന്ത്രിയ്‌ക്കൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ അനുഭവമെന്ന് വിക്രാന്ത് മാസി പറഞ്ഞു. ഒരു പ്രത്യേക അനുഭവമായിരുന്നു അത്. ഇപ്പോഴും എനിക്ക് അത് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. അത്രയ്‌ക്ക് സന്തോഷമായിരുന്നു.- വിക്രാന്ത് മാസി പറയുന്നു.

മോദിയ്‌ക്ക് പുറമെ മറ്റ് കാബിനറ്റ് മന്ത്രിമാരും പ്രദര്‍ശനം കാണാനെത്തിയിരുന്നു. പാര്‍ലമെന്‍റിലെ ബലായോഗി ഹാളിലായിരുന്നു പ്രദര്‍ശനം. അമിത് ഷാ, രാജ് നാഥ് സിങ്ങ്, അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെ എല്ലാ കാബിനറ്റ് മന്ത്രിമാരും സിനിമ കാണാനെത്തി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക