മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബാലതാരമാണ് ബേബി ദേവനന്ദ. ഇതിനോടകം മിന്നൽ മുരളി, മൈ സാന്റ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചശേഷമാണ് ദേവനന്ദയ്‌ക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ കല്യാണി എന്ന സ്കൂൾ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. മാളികപ്പുറം വലിയ വിജയമായിരുന്നു. മാത്രമല്ല ദൈവീക ചൈതന്യമുള്ള കുട്ടി എന്ന നിലയിലൊക്കെ ദേവനന്ദയെ ഭക്തരായിട്ടുള്ള ജനങ്ങൾ സ്വീകരിച്ച് തുടങ്ങി.
കൂടാതെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സ്ഥിരം സാന്നിധ്യവുമാണ് ദേവനന്ദ. താരം നൽകുന്ന അഭിമുഖങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ ദേവനന്ദയുടെ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയെ കുറിച്ച് ബിഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.
സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു മധ്യവയസ്കന്‍ വന്ന് കാലിൽ തൊട്ടു വന്ദിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. സിനിമാ താരമായതുകൊണ്ടല്ല ആ കുട്ടിയെ മാളികപ്പുറമായി സങ്കൽപ്പിച്ചാണ് കാൽ തൊട്ടു വന്ദിച്ചതെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു.
ഇത്തരം സംഭവങ്ങളെല്ലാം ഭാവിയിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ദേവനന്ദയെ ആണെന്ന് പറയുകയാണിപ്പോൾ സായ് കൃഷ്ണ. മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയതെന്നും സായ് കൃഷ്ണ വിമർശിച്ച് പറഞ്ഞു.
സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.; കുട്ടികളെ വെച്ച് ആളുകൾക്കിടയിലേക്ക് സിനിമയുടെ പ്രമോഷനായി ഭക്തിയുടെ ഓവർ ഡോസ് കൊടുക്കുന്നതായി തോന്നിയെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു. സമ്പൂർണ്ണ സാക്ഷരത കേരളത്തിലുണ്ടെന്നാണല്ലോ പറയുന്നത്. അങ്ങനെയുള്ളൊരു സ്ഥലത്ത് ഒരു സിനിമ കാരണം ദൈവം എഫക്ടിലേക്ക് കുട്ടി മാറിയാലും വലിയൊരു ആള് മാറിയാലും അത് കാണുമ്പോൾ ചിരി വരും.
മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയത്. നന്നായി അഭിനയിക്കുന്ന പൊട്ടൻഷലുള്ള കുട്ടിയാണ് ദേവനന്ദ. ഭാവിയിൽ നല്ല നടിയായി മാറിയേക്കും. സിനിമയിൽ തന്നെ കുട്ടിയെ നിലനിർത്താൻ വേണ്ടിയാണ് ഒപ്പമുള്ളവർ ശ്രമിക്കുന്നതും. അതുകൊണ്ട് കൂടിയാണ് കുട്ടിക്ക് ഒരുപാട് സിനിമകളും പരിപാടികളും കിട്ടുന്നത്.
പക്ഷെ ചുറ്റുപാടുള്ള മറ്റുള്ള മനുഷ്യർ കുട്ടിയെ ഇപ്പോഴും ഭക്തിയുടെ രീതിയിലാണ് കാണുന്നത്. ഇത് ഈ കുട്ടിയുടെ ഭാവിയിൽ വരാനിരിക്കുന്ന സിനിമകളെയും ഭയങ്കരമായി ബാധിക്കും. കലാകാരന്മാർക്ക് ഒരു തരത്തിലും നിയന്ത്രണങ്ങൾ വരാൻ പാടില്ല. അതൊക്കെയായിരുന്നു എന്റെ കൺസേൺ.
ആ കൺസേൺ കാരണമാണ് മാളികപ്പുറം റിലീസ് ചെയ്ത സമയത്ത് ഇതെല്ലാം ഞാൻ ചൂണ്ടിക്കാട്ടിയതും. ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ അത് കാണുമ്പോൾ നമുക്കൊരു ഡെയ്ഞ്ചറസ് സിറ്റുവേഷൻ ഫീൽ ചെയ്യും. അതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. ദേവനന്ദ പോകുന്നിടത്തെല്ലാം ഈ കുട്ടി മാളികപ്പുറത്തിൽ അഭിനയിച്ചതിനുശേഷം വന്നിട്ടുള്ള ദൈവീകത വലിയ രീതിയിൽ ക്രീയേറ്റാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക