ഇടുക്കി: കട്ടപ്പന ബസ് സ്റ്റാൻഡിൽ ബസ് കാത്തിരുന്ന യുവാവിന് നേരെ സ്വകാര്യ ബസ് പാഞ്ഞുകയറി. അപകടത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ആയിരുന്നു സംഭവം. കുമളി സ്വദേശി വിഷ്ണുവിന്റെ ശരീരത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്.
വിഷ്ണുവിന്റെ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാട്ടുകാർ വിഷ്ണുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന-നെടുങ്കണ്ടം റൂട്ടിലോടുന്ന ഡിയമോൾ എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ഡ്രൈവർ ബസ് പുറകിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് കുതിക്കുകയായിരുന്നു.
ദൃശ്യങ്ങളിൽ വിഷ്ണു സ്റ്റാൻഡിൽ ഫോൺ നോക്കി ഇരിക്കുന്നത് കാണാം. സമീപമുള്ള കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നെങ്കിലും പിന്നിലായി മറ്റ് യാത്രക്കാർ നിൽപ്പുണ്ട്. പെട്ടെന്ന് ബസ് നിയന്ത്രണം വിട്ട് മുന്നിലേക്ക് വന്ന് വിഷ്ണുവിന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യുവാവ് ഇരുന്ന കസേരയടക്കം പിന്നിലേക്ക് മറിഞ്ഞു. യുവാവിന്റെ ശരീരം മുഴുവൻ ബസിനടിയിൽ കുടുങ്ങി. ബസ് പെട്ടെന്ന് പുറകിലേക്ക് എടുക്കുന്നതും നാട്ടുകാർ ഓടിയെത്തി വിഷ്ണുവിനെ എഴുന്നേൽപ്പിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.
വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്നാണ് അപകടത്തിന്റെ കാരണമായ ബസ് ജീവനക്കാർ പറയുന്നത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നുവെന്നും വിശദീകരണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക