Thiruvananthapuram

ഭക്ഷണ പൊതിയില്‍ മണ്ണിര; എസ്എടിആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ക്യാന്റീനില്‍ നിന്ന് നല്‍കിയത്‌

Published by

മെഡിക്കല്‍ കോളജ് : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണ പൊതിയില്‍ മണ്ണിര. മൂന്ന് പൂരിയും കൂറുമകറിയുമായി നല്‍കിയ ഭക്ഷണ പൊതിയിലാണ് മണ്ണിരയെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ എട്ടരയോടെ പതിനാറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയാണ് രോഗിക്കായി ഭക്ഷണ പൊതി വാങ്ങിയത്. കഴിക്കാനായി രോഗി പൊതി നിവര്‍ത്തിയപ്പോള്‍ പൂരിക്കടിയിലായി മണ്ണിര ചുരുണ്ട് കിടക്കുന്നത് കാണുകായിരുന്നു. വാര്‍ഡിലെ മറ്റ് കൂട്ടുരുപ്പുകാരും കൂടി ക്യാന്റീനിലെത്തി പ്രശ്‌നം ഉണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ക്യാന്റീനിലെത്തിയ സൊസൈറ്റി അധികൃതര്‍ സംഭവം കൂടുതല്‍ വിഷയമാകാത്ത വിധം ഒതുക്കി തീര്‍ത്തു.

രോഗി ചികിത്സയിലായതുകൊണ്ട് ചികിത്സയ്‌ക്ക് തടസ്സമുണ്ടാകുമോയെന്ന ഭയത്തില്‍ സൊസൈറ്റി അധികൃതരുടെ പ്രലോഭനങ്ങളില്‍ രോഗിയുടെ ബന്ധുക്കള്‍ വഴങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി പോലും നല്‍കിയിട്ടില്ലായെന്ന വിവരമാണുള്ളത്. എന്നാല്‍ സംഭവത്തില്‍ വിശദാന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയായ എജ്യൂക്കേഷന്‍ സൊസൈറ്റി നേരിട്ട് നടത്തുന്ന സ്ഥാപനമാണ് ക്യാന്റീന്‍. അതില്‍ വൃത്തിയും സുരക്ഷയും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അതില്ലായെന്ന വസ്തുതയാണ് ഭക്ഷണ പൊതിയില്‍ മണ്ണിര കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് മറ്റ് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൂറ് കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും ഭക്ഷണത്തിനായി ആശ്രയിക്കുന്ന ക്യാന്റീനാണിത്. ഇവിടെ വൃത്തിയില്ലാതെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണവുമുണ്ട്. മാത്രവുമല്ല പഴകിയ ഭക്ഷണം വിതരണം ചെയ്തതിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികൃതര്‍ക്ക് പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകാറില്ല. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് പോലും ഇവിടെ പരിശോധന നടത്താറില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ഭക്ഷണം വാങ്ങാനെത്തുന്നവരോട് ക്യാന്റീനിലെ ജീവനക്കാരുടെ അപമര്യാദയായിട്ടുള്ള പെരുമാറ്റവും പതിവാണ്. പല ദിവസങ്ങളിലും ജീവനക്കാരുടെ തമ്മിലടിയും പതിവാണ്. കഴിഞ്ഞ മേയ് 2 ന് നടന്ന ജീവനക്കാരികളുടെ തമ്മിലടിയില്‍ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം ക്യാന്റീനിലെ വൃത്തിയില്ലായ്മ പരിഹരിക്കാനോ ജീവനക്കാരെ നിയന്ത്രിക്കാനോ സൊസൈറ്റി അധികൃതര്‍ തയ്യാറായിട്ടില്ല. ക്യാന്റീനില്‍ തൊഴിലെടുക്കുന്ന പല ജീവനക്കാരികള്‍ക്കും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണെന്ന ആക്ഷേപവുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക