ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം പാർട്ടിക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മോദി അഭിനന്ദിച്ചു.
“ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ ജിക്ക് ജന്മദിനാശംസകൾ. നദ്ദ ജിയെ എനിക്ക് വർഷങ്ങളായി അറിയാം, നമ്മുടെ പാർട്ടിക്ക് അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എല്ലാ സംഘടനാ, നിയമനിർമ്മാണ, എക്സിക്യൂട്ടീവ് ഉത്തരവാദിത്തങ്ങളും അദ്ദേഹം അതീവ ജാഗ്രതയോടെ നിർവഹിച്ചു,”- പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ഇതിനു പുറമെ ആരോഗ്യകരമായ ഇന്ത്യ ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ മുൻനിരയിലാണ് നദ്ദയെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജെപി നദ്ദയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടന വിപുലീകരണത്തിന്റെയും വിശ്വാസത്തിന്റെയും അത്ഭുതകരമായ കാലഘട്ടത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
കൂടാതെ ജെപി നദ്ദയുടെ ലാളിത്യവും എളിമയും സ്ഥിരോത്സാഹവും ശ്രദ്ധേയമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 2019 മുതൽ ജെപി നദ്ദ ബിജെപിയുടെ അഖിലേന്ത്യ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്നു. നിലവിൽ രാജ്യസഭാ എംപിയും കേന്ദ്ര ആരോഗ്യ മന്ത്രിയുമാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക