മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാമെന്ന് വ്യാജപ്രചരണം നടത്തിയയാള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സൈബര്‍ പോലീസാണ് കേസ് എടുത്തത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭാരതത്തിന് പുറത്ത് ഒളിവില്‍ കഴിയുന്ന സയ്യിദ് ഷൂജയാണ് ഈ വീഡിയോയിലെന്ന് തിരിച്ചറിയുകയും ഇയാള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.
സൗത്ത് മുംബൈയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോയിലെ അവകാശവാദങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ഇവിഎമ്മുകളെകുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായ, സയ്യിദ് ഷൂജയുമായി ബന്ധമുള്ളവരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 2019ലും സമാനകുറ്റത്തിന് ദല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: