മാവേലിക്കര: വ്യക്തി ജീവിതം നന്നായാല്‍ പോരാ, സാമൂഹ്യ ജീവിതവും മഹത്വമാര്ന്നതാവണമെന്ന് ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയിലെ ചോണ്ഡി ഗ്രാമത്തില്‍ ഏറ്റവും താഴ്ന്ന വിഭാഗത്തില്‍ ജനിച്ച് പ്രതികൂലമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന് സ്വന്തമായ കഴിവുകൊണ്ടും പ്രയത്നം കൊണ്ടും മാള്‍വയുടെ രാജകുമാരിയായി മാറിയ അഹല്യാഭായ് ഹോള്‍ക്കര്‍ അമ്മമാര്‍ക്ക് മാതൃകയാണ്.
മുഗളന്മാര് തകര്‍ത്തെറിഞ്ഞ തെക്ക് രാമേശ്വരം മുതല്‍ വടക്ക് കാശി വരെയുള്ള മഹാക്ഷേത്രങ്ങള്‍ പടുത്തുയര്‍ത്തുവാനും, പരുത്തി കൃഷിയിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില ഉയര്‍ത്തുവാനും, പാവങ്ങളെ സംരക്ഷിക്കാനുമെല്ലാം നടത്തിയ പരിശ്രമങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സംസ്ക്കാരസമ്പന്നതയുടെയും ഭാഗമാണ്. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നാരീശക്തിയുടെ മൂന്ന് നൂറ്റാണ്ടു മുമ്പുള്ള പ്രകടിത രൂപമാണ് അഹല്യാ ഭായ്ദേവി.
സ്വാര്‍ത്ഥ ജീവികളല്ല സാമൂഹ്യജീവികളാകണം എന്ന സന്ദേശമാണ് ശ്രീകൃഷ്ണന് നല്‍കുന്നതെന്നും ഇത് തന്നെയാണ് നാരീശക്തിക്കും ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷയായി.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്. വി. ബാബു, മഹിളാഐക്യവേദി സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജനം, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ.സിന്ധു രാജീവ്, ഖജാന്‍ജി ഓമന മുരളി(ഖജാന്‍ജി) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: