ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്താത്തതിനാൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ സ്ഥിരനിയമനങ്ങൾ റദ്ദാക്കാനും പകരം ഇവരെ ദിവസവേതനക്കാരായി നിയമിക്കാനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്കൂളുകൾക്കാണ് ഇതു ബാധകം.
എന്നാൽ, സംസ്ഥാനത്ത് ആകെയുള്ള 8210 എയ്ഡഡ് സ്കൂളുകളിൽ ബഹുഭൂരിപക്ഷവും ഭിന്നശേഷി നിയമനം പൂർത്തിയാക്കിയിട്ടില്ല.1996 മുതൽ 3 ശതമാനവും 2016 മുതൽ 4 ശതമാനവും ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. ഈ സംവരണം പൂർത്തിയാക്കിയ സ്കൂളുകളിലെ നിയമനങ്ങൾക്കു സർക്കാർ അംഗീകാരം നൽകുന്നുണ്ട്. സംവരണം നടപ്പാക്കാത്ത സ്കൂളുകളിൽ നിയമിക്കുന്നവർക്കു ദിവസവേതനക്കാരായുള്ള അംഗീകാരമാണു നൽകുന്നത്. ഈ സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്പോൾ ദിവസവേതനക്കാർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. മൂന്നു തവണ പത്രത്തിൽ പരസ്യം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇളവു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ശനിയാഴ്ച പുതിയ സർക്കുലർ വന്നത്.ആയിരക്കണക്കിനു പേരുടെ ഭാവി അവതാളത്തിലാക്കുന്ന തീരുമാനമാണ് ഇതെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകളും അധ്യാപക സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. ഭിന്നശേഷി നിയമനം സംബന്ധിച്ച് ഈ വർഷം ഇറക്കിയ പത്തോളം ഉത്തരവുകൾ പരസ്പരവിരുദ്ധവും അവ്യക്തത നിറഞ്ഞതുമാണെന്നും പരാതിയുണ്ട്.കഴിഞ്ഞ മൂന്നു വർഷത്തെ സ്ഥിരനിയമനങ്ങൾ താൽക്കാലിക നിയമനങ്ങളാക്കി മാറ്റിയാൽ സ്ഥിരനിയമനത്തിനുള്ള അവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റൊരാൾ വിരമിച്ചതോ സ്ഥലംമാറിയതോ രാജിവച്ചതോ ആയ ഒഴിവിൽ സ്ഥിരനിയമനം നടത്തുന്നു എന്ന ഉത്തരവാണു ഇപ്പോൾ മാനേജ്മെന്റുകൾ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: