കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കിടെ നടന്ന സന്നാഹ മത്സരത്തിലും ഭാരതത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് കെ.എല്‍. രാഹുല്‍. നായകനും ഭാരത ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് വന്‍ വിജയമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭാരത ലീഡ് 500ന് മുകളിലേക്ക് പോയതിന്റെ അടിത്തറയായത് ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍-ജയ്‌സ്വാള്‍ സഖ്യം നേടിയ 201 റണ്‍സായിരുന്നു.
പെര്‍ത്ത് ടെസ്റ്റില്‍ വിജയിച്ച സ്ട്രാറ്റജി ആറ് മുതല്‍ അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന പിങ്ക് ടെസ്റ്റില്‍ നടപ്പാക്കുമോയെന്ന കാര്യത്തില്‍ ഭാരത ക്യാമ്പ് യാതൊരു വിധ സൂചനകള്‍ പോലും നല്‍കിയിട്ടില്ല. എന്നാല്‍ പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനെതിരെ ഇന്നലെ നടന്ന സന്നാഹ മത്സരത്തിലെ ഓപ്പണിങ് ഫോര്‍മേഷന്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ പതിപ്പായേക്കാം എന്ന വിലയിരുത്തലുകളുമുണ്ട്.
മത്സരത്തില്‍ അവസരം ലഭിച്ചവരെല്ലാം മികവ് കാട്ടിയപ്പോള്‍ നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രം നിറംകെട്ടു. രാഹുല്‍(27) റിട്ടയേര്‍ഡ് ഹര്‍ട്ട് ആയാണ് മടങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തിയ ശുഭ്മാന്‍ ഗില്ലും(50) അര്‍ദ്ധസെഞ്ച്വറി തികച്ച് ഉടനെ റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്തു. യശസ്വി ജയ്‌സ്വാള്‍(45), നിതീഷ് റെഡ്ഡി(42), വാഷിങ്ടണ്‍ സുന്ദര്‍(പുറത്താകാതെ 42), രവീന്ദ്ര ജഡേജ(27) എന്നീ മുന്‍നിര, മിഡില്‍ ഓര്‍ഡര്‍, ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചപ്പോള്‍ രോഹിത് മാത്രം(മൂന്ന്) വളരെ വേഗം മടങ്ങി.
ശനിയും ഞായറുമായി ക്രമീകരിച്ച പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ഭാരതത്തിന്റെ സന്നാഹ മത്സരം ആദ്യ ദിവസം മഴ കാരണം നടന്നില്ല. രണ്ടാം ദിവസമായ ഇന്നലെ ആദ്യം ബാറ്റ് ചെയ്തത് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ആണ്. സാം കോന്‍സ്റ്റാസിന്റെ(107) സെഞ്ച്വറിയുടെയും ഹന്നോ ജേക്കബ്‌സിന്റെ(61) അര്‍ദ്ധസെഞ്ച്വറിയുടെയും ബാലത്തില്‍ ടീം 240 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഇടയ്‌ക്ക് ജാക്ക് ക്ലേയ്‌ടോണും(40) മികവുകാട്ടിയിരുന്നു.
ഇതിനെതിരെ ബാറ്റ് ചെയ്ത ഭാരതം ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഭാരതത്തിനായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേട്ടം കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: