മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രധാന നീക്കവുമായി മുംബൈ പോലീസ്. ഗുണ്ടാസംഘം അൻമോൽ ബിഷ്‌ണോയിയെ പിടികൂടേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ, കേസിൽ അറസ്റ്റിലായ 26 പ്രതികൾക്കും MCOCA ബാധകമാക്കിയിട്ടുണ്ട്.
കേസിൽ ശിവകുമാർ ഗൗതം ഉൾപ്പെടെ 26 പ്രതികളെ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 12നാണ് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകളേറ്റ് ഗുരുതരാവസ്ഥയിലായ ബാബ സിദ്ദിഖിനെ വിദഗ്ധ ചികിത്സയ്‌ക്കായി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിലെ മുഖ്യ സൂത്രധാരന്മാരായ ശുഭം ലോങ്കറും സീഷാൻ മുഹമ്മദ് അക്തറും ഇപ്പോഴും ഒളിവിലാണ്. ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ഇപ്പോൾ അമേരിക്കയിൽ ജയിലിലാണ്. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള അൻമോൽ, ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു പുറത്തു നടന്ന വെടിവയ്‌പ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
അൻമോലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: