ഇത് കൃത്രിമ ബുദ്ധിയുടെ കാലമാണ്. എന്തിനും ഏതിനും കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വേണമെന്ന അവസ്ഥ ക്ലാസ് എടുക്കുന്നതിനും കാല് തിരുമ്മുന്നതിനും മുതല്‍ കള്ളുകുടിക്കുന്നതിനുവരെ കൃത്രിമബുദ്ധി അഥവാ എ.ഐ. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായം കിട്ടിയാല്‍ കൊള്ളാമെന്നാണ് ജനത്തിന്റെ ആഗ്രഹം. എന്ത് കാര്യത്തിനും തൊട്ടുകൂട്ടാന്‍ എഐ വേണം. ഇക്കാര്യത്തില്‍ ദൈവത്തെപ്പോലും വെറുതെവിടാന്‍ നാട്ടുകാര്‍ തയ്യാറല്ല. അങ്ങനെയാണ് അള്‍ത്താരയില്‍ കര്‍ത്താവിന്റെ രൂപത്തില്‍ എഐ പ്രത്യക്ഷപ്പെട്ടത്.
അങ്ങനെയാണ് സ്വിറ്റ്സര്‍ലന്റിലെ പുരാതന നഗരമായ ലുസേണിലെ സെന്റ് പീറ്റേഴ്സ് ചാപ്പലിലെ പുരോഹിതന്മാരും അല്മായരും ചേര്‍ന്ന് കൃത്രിമബുദ്ധിയെ പള്ളിയില്‍ കയറ്റിയത്. കൃത്രിമബുദ്ധിയുടെ കരുത്തില്‍ കര്‍ത്താവിനെത്തന്നെ അള്ത്താരയിലെത്തിക്കുക. കുമ്പസാരക്കൂട്ടിലെ നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കരുണാമയനായ കര്‍ത്താവിന്റെ ഹോളോഗ്രാം രൂപം നിങ്ങള്‍ക്കുമുന്നില്‍ തെളിയും. പ്രാര്‍ത്ഥിക്കാം. അപേക്ഷിക്കാം. വിഷമങ്ങള്‍ പങ്കുവയ്ക്കാം. ചോദിച്ചതിനൊക്കെ ബൈബിള്‍ അധിഷ്ഠിതമായി ഉടന്‍ മറുപടിയും ഉറപ്പ്-ഒന്നും രണ്ടുമല്ല, നൂറ് ഭാഷകളില്‍ കര്‍ത്താവ് സംസാരിക്കും.
ലുസേണിലെ പ്രാദേശിക സര്‍വകലാശാലയുടെ ഐടി ഗവേഷണ വിഭാഗവുമായി ചേര്‍ന്നാണ് ക്രിസ്തുവിന്റെ ഹോളോഗ്രാമിന് പള്ളിക്കാര് അവസാന രൂപം നല്‍കിയത്. എ.ആര്. (ഓഗ്മെന്റഡ് റിയാലിറ്റി), വി.ആര്. (വെര്‍ച്വല്‍ റിയാലിറ്റി) എന്നീ വിവര സാങ്കേതിക സങ്കല്‍പ്പങ്ങളായിരുന്നു പള്ളിയില്‍ പരീക്ഷിക്കാന്‍ ആദ്യം തീരുമാനിച്ചത്. പിന്നെയാണ് കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ‘അവതാര്‍’ തന്നെ ആവട്ടെയെന്ന് ചിന്തിച്ചത്. ഒടുവില്‍ ക്രിസ്തുവിന്റെ ‘അവതാര്‍’ തന്നെ സ്ഥാപിച്ചു-പള്ളിയിലെ പുരോഹിതനായ മാര്‍ക്കോ ഷിമിഡ് പറയുന്നു. ബൈബിളിനും ദൈവശാസ്ത്രഗ്രന്ഥങ്ങള്ക്കും പുറമെ ഇന്റര്‍നെറ്റില്‍ ലഭ്യമായ സകല ക്രൈസ്തവ സാഹിത്യവും എഐ രൂപത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മാര്‍ക്കോ ഷിമിഡ് പറയുന്നു.
2024 ആഗസ്റ്റ് മാസത്തില്‍ സ്ഥാപിച്ച എഐ കര്‍ത്താവിനെ കാണാനും കുമ്പസാരം നടത്താനും വലിയ തിരക്കാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. നാട്ടുകാരെക്കാളും വിദേശികളായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്കാന് ലക്ഷ്യമിടുന്ന ഈ ഹോളോഗ്രാം ഏര്‍പ്പാടിനോട് പക്ഷേ, കാത്തലിക് വിശ്വാസികള്‍ക്ക് വലിയ താല്‍പ്പര്യമില്ലത്രേ. എന്നാല്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ടവര്‍ ഹാപ്പിയാണുതാനും.
യന്ത്ര ദൈവവുമായി സംവദിക്കുന്നതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കാനും പള്ളി ഭാരവാഹികള്‍ മറന്നിട്ടില്ല- ”നിങ്ങള്‍ സംസാരിക്കാന്‍ പോകുന്നത് ഒരു എഐ അവതാറിനോടാണ്. അതിനാല്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നില്ല. അപ്രകാരം ചെയ്യുന്ന പക്ഷം അത് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമായിരിക്കും” മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പക്ഷേ അതൊന്നും ദൈവത്തെ കാണാനെത്തുന്ന ന്യൂജെന്‍ തലമുറയ്ക്ക് പ്രശ്നമല്ല. കാണാനെത്തുന്നവരില്‍ മൂന്നില്‍ രണ്ടും വളരെ സന്തുഷ്ടരാണെന്ന് പള്ളിക്കാര് നടത്തിയ സര്‍വേ തന്നെ വ്യക്തമാക്കുന്നു. അത്ഭുതകരമായ ആത്മീയ അനുഭവമെന്നാണ് മിക്കവരും അതിനെ വിശേഷിപ്പിച്ചത്. ചിലര്‍ക്കത് ആവേശം പകര്‍ന്നുവത്രേ. മറ്റു ചിലര്‍ക്ക് പ്രചോദനവും.
കുമ്പസാരക്കൂട്ടില്‍ കയറി കര്‍ത്താവിന്റെ എഐ രൂപവുമായി സംവദിക്കുന്നതിനിടെ ആര്‍ക്കെങ്കിലും ആശയക്കുഴപ്പം സംഭവിച്ചാല്‍ അത് പരിഹരിക്കുന്നതിനുള്ള ഒരു ടീമും സെന്റ് പീറ്റേഴ്സില്‍ സദാ സജ്ജരാണ്. മതബോധത്തിന്റെ വിശാലമായ ഭൂമികയില്‍ സാങ്കേതിക വിദ്യ കടന്നു കയറുമ്പോള്‍ ഉണ്ടാകുന്ന അനുരണങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും അവസരമൊരുക്കുകയാണ് ഈ പരീക്ഷണത്തിലൂടെ തങ്ങള്‍ ചെയ്തതെന്ന് ഷിമിഡ് പറയുന്നു. വൈദിക കര്‍മ്മങ്ങളില്‍ പുരോഹിത സാന്നിദ്ധ്യം ഒഴിവാക്കുകയല്ല കര്‍ത്താവിന്റെ എഐ രൂപത്തിന്റെ ലക്ഷ്യം. മറിച്ച് വിവര സാങ്കേതിക വിദ്യയുടെ കടുത്ത ആരാധകരെക്കൂടി ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് ”ഡ്യൂസ് ഇന്‍ മെഷീന” എന്ന് പേരിട്ട ഈ ഹോളോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. വിഷമങ്ങള്‍ കേള്‍ക്കാനും ആധ്യാത്മികതയില്‍ ഉറച്ചുനിന്നുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ആത്മവിശ്വാസം പകരാനും ഉള്ള ഇത്തരം എഐ ഈശ്വരരൂപങ്ങള്‍ വ്യാപകമാക്കണമെന്ന് പറയുന്നവരുമുണ്ട്.
ആധ്യാത്മികതയുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വിദ്യ നല്കുന്ന പിന്തുണ ഒറ്റപ്പെട്ട സംഭവമല്ല. പോളണ്ടിലെ ഹെസ്നാന് നഗരത്തിലെ ഒരു പള്ളിയില്‍ 24 മണിക്കൂറും പ്രാര്‍ത്ഥനാ സൗകര്യം നല്കാന് തക്കവിധം രൂപപ്പെടുത്തിയ എഐ സഹായ ‘ആപ്’ തന്നെ ഉദാഹരണം. മതമേധാവികളും ഇതൊക്കെ ഗൗരവമായി വീക്ഷിച്ചുവരികയാണെന്ന് വ്യക്തം. കൃത്രിമ ബുദ്ധി പള്ളിയിലും വിശ്വാസ സമൂഹത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് കഴിഞ്ഞ മാസം റോമില്‍ സംഘടിപ്പിച്ച ഉന്നതതല സമ്മേളനം അതാണ് സൂചിപ്പിക്കുന്നത്.
വരും തലമുറയ്ക്കുവേണ്ടി
ശ്വാസകോശ ക്യാന്‍സറിന്റെ വിളിപ്പേര് തന്നെ നിശബ്ദ കൊലയാളി എന്നാണ്. ഈ രോഗം പ്രതിവര്‍ഷം പത്ത് ലക്ഷത്തിലേറെ ജീവനെടുക്കുന്നുവെന്നാണ് കണക്ക്. രോഗത്തിനകപ്പെടുന്നവരില് ബഹുഭൂരിപക്ഷവും പുകവലിക്കാരും. ഈ സാഹചര്യത്തിലാണ് ആഗോള സ്റ്റാറ്റിസ്റ്റിക്സ് ഗവേഷണ മോഡലുകളുടെ സഹായത്തോടെ ഡോ. ജൂലിയ റെ ബ്രന്റാരിസും സംഘവും ഒരു സാങ്കല്പിക സത്യത്തിന് രൂപം നല്‍കിയത്. പുകവലി നിരോധിക്കുക. 2006 നും 2010 നും ഇടയില്‍ ജനിച്ചവരുടെ പുകവലി നിരോധിച്ചാല്‍ മാത്രം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 ലക്ഷം ശ്വാസകോശ ക്യാന്‍സര്‍ മരണങ്ങള് തടയാനാവുമെന്ന് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശ ക്യാന്‍സറില്‍ നിന്ന് വരുംതലമുറയെ രക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജൂലിയ റെ ബ്രന്റാരിസും കൂട്ടരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: