ഡമാസ്‌കസ്: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ എതിര്‍ക്കുന്ന വിമത വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 300 പേര്‍ കൊല്ലപ്പെട്ടു. 2016ന് ശേഷം ഇതാദ്യമായാണ് അലപ്പോയില്‍ ഇത്ര ശക്തമായ വിമത മുന്നേറ്റം ഉണ്ടാകുന്നത്. ഭീകര സംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷമാമാന്റെ നേതൃത്വത്തിലുള്ള വിമത സംഘമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അലപ്പോയില്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. വിമതരെ ഒതുക്കുന്നതിനായി സിറയയും റഷ്യയും അലപ്പോയില്‍ വ്യോമാക്രമണം ആരംഭിച്ചിരിക്കുകയാണ്.
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്ബിലില്‍ കുറെ ദിവസമായി സൈന്യവും സായുധ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. അലപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും ഇവര്‍ ഏറ്റെടുത്തതായാണ് വിവരം. ഇഡ്ബില്‍, അലപ്പോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ഇപ്പോള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടം നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
അലപ്പോയില്‍ നിന്ന് പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. മിസൈല്‍ ആക്രമണവും വെടിവയ്‌പ്പും ജനജീവിതം ദുസ്സഹമാക്കിയെന്നും പതിനായിരക്കണക്കിന് അലപ്പോ നിവാസികള്‍ ഇവിടം വിട്ട് പോയെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിമത സംഘം ആഭ്യന്തരയുദ്ധം കടുപ്പിക്കുന്നത്.
ആക്രമണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയില്‍ പഴയ ഭരണം പുനസ്ഥാപിക്കുന്നതിനെ പിന്തുണയ്‌ക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അലപ്പോയ്‌ക്കും ഇജ്ബിലിനും ഇടയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഡ്രോണുകളും ആയുധങ്ങളും ഉപയോഗിച്ച് സാധാരണക്കാരെ വിമതര്‍ ആക്രമിച്ചുവെന്നും, ഇതിന് ശക്തമായ തിരിച്ചടി നല്‍കിയതായും സിറിയന്‍ സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: