Main Article

ബംഗ്ലാദേശ് മതഭ്രാന്തന്മാരുടെ കൈകളില്‍

ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങില്‍ വെള്ളിയാഴ്ച മാത്രം തകര്‍ക്കപ്പെട്ടത് മൂന്ന് പുരാതന ക്ഷേത്രങ്ങളാണ്. നഗരത്തിലെ ഹരിശ്ചന്ദ്ര മുന്‍സെഫ് ലൈനിലുള്ള ശാന്തനേശ്വര്‍ മത്രി ക്ഷേത്രം, ശനി ക്ഷേത്രം, ശാന്തനേശ്വരി കാലിബാരി ക്ഷേത്രം എന്നിവയാണ് മുസ്ലിം കലാപകാരികളാല്‍ ആക്രമിക്കപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ പുറത്താക്കി യുഎസ് ഭരണകൂടത്തിന്റെ അടിമയായ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസം പിന്നിടുമ്പോഴും രാജ്യം കലാപത്തീയില്‍ ഉരുകുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ ഇക്കാലയളവില്‍ ബംഗ്ലാദേശില്‍ നടന്നത് നാലായിരത്തിലേറെ അക്രമങ്ങളാണ്. നൂറുകണക്കിന് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഹിന്ദു ഭവനങ്ങളും വാണിജ്യ സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. തകര്‍ക്കപ്പെട്ടു. ഹിന്ദു, ബുദ്ധ ആരാധനാലയങ്ങള്‍ ദിനംപ്രതി തല്ലിത്തകര്‍ക്കപ്പെടുന്നു. അക്രമങ്ങള്‍ക്കെതിരെ സംഘടിച്ച ബംഗ്ലാദേശി ഹിന്ദു സമൂഹത്തെ രാജ്യദ്രോഹ നിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുകയും ജയിലിലടയ്‌ക്കുകയും ചെയ്യുന്നു. ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ജയിലിലിട്ടിരിക്കുന്നത്. ബംഗ്ലാദേശ് പതാക കത്തിച്ചു എന്ന വ്യാജ കുറ്റം കൂടി ചിന്മയ് കൃഷ്ണദാസിന് മേല്‍ ചുമത്തിയതോടെ രാജ്യദ്രോഹ വകുപ്പുകള്‍ പ്രകാരം ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യതലസ്ഥാനമായ ഢാക്കയിലും ചിറ്റഗോങ്ങിലും ഹിന്ദു സമൂഹം വലിയ പ്രതിഷേധം നടത്തുകയാണ്. പോലീസും സൈന്യവും ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം തടസപ്പെടുത്തുകയും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ്.

അതേ സമയം, മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരും ജമാഅത്തെ ഇസ്ലാമിയും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഹിന്ദു സമൂഹത്തിനെതിരെ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഈ കലാപത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്.

ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ ഷെയ്ക് ഹസീനയെ വിദ്യാര്‍ത്ഥി കലാപത്തിലൂടെ സ്ഥാനഭ്രഷ്ടയാക്കി ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തെത്തിയ മുഹമ്മദ് യൂനുസിന്റെ വിശ്വാസ്യതയും ന്യൂനപക്ഷവേട്ട തുടരുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു. ക്ലിന്റണ്‍ കുടുംബവുമായും ഒബാമയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യൂനുസ് അമേരിക്കന്‍ ഡമോക്രാറ്റുകളുടെ എക്കാലത്തെയും വിശ്വസ്തനാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്ക് അനഭിമതനും. ഷെയ്ക് ഹസീന മുഹമ്മദ് യൂനുസിനെ വിശേഷിപ്പിച്ചത് സിഐഎ ഏജന്റ് എന്നാണ്. ബൈഡന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയും അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടേയും സഹായത്തോടെ ബംഗ്ലാദേശില്‍ നടന്ന ജനാധിപത്യ അട്ടിമറിയെ ട്രംപ് ഭരണകൂടം പിന്തുണയ്‌ക്കില്ല എന്നുതന്നെയാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഷെയ്‌ക്ക് ഹസീനയുമായി കാലങ്ങളായി നിലനില്‍ക്കുന്ന വിരോധം മുഹമ്മദ് യൂനുസ് യുഎസ് ഡമോക്രാറ്റുകളെ ഉപയോഗിച്ച് തീര്‍ക്കുകയാണ് എന്ന് കരുതുന്നവരുണ്ട്. യൂനുസിന്റെ സംഘടനയുടെ ശതകോടികളുടെ സാമ്പത്തിക വെട്ടിപ്പ് ഷെയ്ക് ഹസീന സര്‍ക്കാര്‍ കണ്ടെത്തി നിയമ നടപടികളിലേക്ക് കടന്നതോടെ ഇയാള്‍ കാലങ്ങളായി യുഎസില്‍ തന്നെയാണ് താമസം. 2007ലും സമാനമായ നീക്കം യൂനുസ് നടത്തിയെങ്കിലും 2009ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ ഷെയ്ക് ഹസീന അധികാരത്തിലെത്തിയത് യൂനുസിന് വലിയ തിരിച്ചടിയായി. ബംഗ്ലാദേശ് ഭരണഘടന പ്രകാരം ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്നാണ്. എന്നാല്‍ ഇതു രണ്ടുവര്‍ഷം വരെ നീണ്ടുപോയിട്ടുണ്ട് എന്നതാണ് ചരിത്രം. പുതിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥി സംഘനകള്‍ തയ്യാറെടുക്കുന്നുണ്ട്. ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മത്സരിക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. എന്നാല്‍ അവാമി ലീഗ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കരുതെന്ന നിലപാടാണ് ഇടക്കാല സര്‍ക്കാരിനുള്ളതെന്നതാണ് വിചിത്രം. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര മുസ്ലിം സംഘടനകളും ഈ ആവശ്യം മുന്നോട്ടു വയ്‌ക്കുന്നു. ഷെയ്ക് ഹസീനയും അവാമി ലീഗും മത്സരിച്ചാല്‍ അവര്‍ വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന് മുഹമ്മദ് യൂനുസും കൂട്ടരും ഭയക്കുന്നുണ്ട്. അതിനാല്‍ തന്നെ അവാമി ലീഗിനെ രാജ്യത്ത് നിരോധിക്കാനുള്ള ശ്രമവും യൂനുസ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയെ ഇതിനകം നിരോധിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ നടത്തി പ്രശസ്തി നേടിയ ഇസ്‌കോണിനെ ഭീകരസംഘടനയായി മുദ്രകുത്തി നിരോധിക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടെങ്കിലും ഇസ്‌കോണ്‍ നേതാക്കളെയടക്കം രാജ്യദ്രോഹ കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്‌ക്കുന്ന നടപടി യൂനുസ് സര്‍ക്കാര്‍ തുടരുന്നു. യുഎസിലെ അധികാര മാറ്റത്തെ തുടര്‍ന്ന് യുഎസിന്റെ പിന്തുണ നഷ്ടമായാല്‍ ചൈനയുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളും ബംഗ്ലാദേശില്‍ നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ ചൈനീസ് ഭരണകൂടവുമായി ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. ജമാ അത്തെ നേതാക്കളെ ചൈനാ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുമുണ്ട്. ബംഗ്ലാദേശിലെ യുഎസ് ഇടപെടലുകളില്‍ ചൈനയ്‌ക്കുള്ള ആശങ്കയാണ് ഈ നീക്കത്തിന് പിന്നില്‍.

ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു കൂട്ടക്കൊലകള്‍ ആഗോള വേദികളില്‍ എത്തിക്കുകയും ബംഗ്ലാദേശിന് മേല്‍ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കുകയുമാണ് ഭാരതം സ്വീകരിച്ചിരിക്കുന്ന വഴി. പൂര്‍ണ്ണമായും ഭാരതത്തെ ആശ്രയിച്ചുകഴിയുന്ന രാജ്യമെന്ന നിലയില്‍ നയതന്ത്ര-സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ തന്നെയാണ് ബംഗ്ലാദേശിനെ നിലയ്‌ക്ക് നിര്‍ത്താനുള്ള മാര്‍ഗ്ഗം. ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആഗോളതലത്തില്‍ വിവിധ വേദികളില്‍ ഭാരതം ഇതിനകം എത്തിച്ചുകഴിഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ പിന്തുണയും ലോകമെങ്ങും ലഭിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ മാര്‍ഗ്ഗത്തിലേക്കുള്ള തിരിച്ചുപോക്ക് വേഗത്തിലാക്കാന്‍ മുഹമ്മദ് യൂനുസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്ന ഘടകങ്ങളാണിവയൊക്കെ. ബംഗ്ലാദേശില്‍ ഹിന്ദുകൂട്ടക്കൊല നടക്കുന്നു എന്നത് ആഗോള പ്രശ്നമായി മാറുമ്പോള്‍, ഭാരതം ബംഗ്ലാദേശില്‍ നടത്താനൊരുങ്ങുന്ന ഇടപെടലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണകൂടം അധികാരത്തിലെത്തുക എന്നതു മാത്രമാണ് യൂനുസിനും സംഘത്തിനും മുന്നിലുള്ള ഏക വഴി. ഷെയ്ക് ഹസീനയെ ഭാരതം സംരക്ഷിക്കുന്നതും അവാമി ലീഗിന്റെ സ്വാധീനം ജനങ്ങളില്‍ കുറയാത്തതുമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതില്‍ നിന്ന് യൂനുസിനെ തടയുന്ന ഘടകങ്ങള്‍.

1971ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭവിജയത്തിന് ശേഷം അരനൂറ്റാണ്ടിനപ്പുറം പാകിസ്ഥാന്റെ ചരക്ക് കപ്പല്‍ ചിറ്റഗോങ് തുറമുഖത്ത് നങ്കൂരമിട്ടതടക്കമുള്ള വിഷയങ്ങള്‍ ഭാരതത്തിന്റെ ജാഗ്രത വര്‍ദ്ധിപ്പിക്കുന്നതാണ്. നീണ്ട 53 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനുമായുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ മുഹമ്മദ് യൂനുസിന്റെ കാവല്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കറാച്ചിയില്‍ നിന്ന് എംവി യുവാന്‍ സിയാന്‍ പ സോങ് എന്ന കപ്പല്‍ നവംബര്‍ 13ന് ചിറ്റഗോങ്ങില്‍ എത്തിയത്. പാക് കപ്പലുകള്‍ക്ക് ചിറ്റഗോങ് തുറമുഖം തുറന്നുകൊടുക്കുന്നതിനെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ഭാരതത്തിനാവില്ല. 1971 മുതല്‍ പാകിസ്ഥാനില്‍ നിന്നുള്ള ചരക്ക് ശ്രീലങ്കയിലോ സിങ്കപ്പൂരോ മലേഷ്യയിലോ ഇറക്കി അവിടെ നിന്ന് മറ്റ് കപ്പുകളില്‍ ബംഗ്ലാദേശില്‍ എത്തിക്കുകയായിരുന്നു.

ഭാരതത്തെ ശത്രുരാജ്യമായി കണക്കാക്കിയാണ് മുഹമ്മദ് യൂനുസ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. ഢാക്കയിലെ സര്‍വ്വകലാശാലകളുടെ കവാടങ്ങളില്‍ ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ട് ചവിട്ടി പോകുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ഢാക്ക യൂണിവേഴ്സിറ്റി, നൊഖാലി സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നെല്ലാം സമാന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാകിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശിലെ സര്‍വ്വകലാശാലകളിലും കോളജുകളിലും പഠിക്കുന്നതിന് അരനൂറ്റാണ്ടായുള്ള വിലക്കും യൂനുസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. പൂര്‍ണമായും ജമാഅത്തെ ഇസ്ലാമിക്ക് കീഴ്പ്പെട്ട അവസ്ഥയിലേക്ക് യൂനുസ് സര്‍ക്കാര്‍ എത്തപ്പെട്ടിരിക്കുന്നു. ഹിന്ദു വിരോധവും ഭാരത വിരോധവും തലയ്‌ക്ക് പിടിച്ച ഒരുസംഘം കലാപകാരികള്‍ തെരുവുകള്‍ കയ്യേറുമ്പോള്‍ നിശബ്ദമായി പിന്തുണ നല്‍കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെതിരെ കൂടുതല്‍ ആഴത്തിലുള്ള നടപടികള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സൈനികമായ ഇടപെടലുകള്‍ക്കപ്പുറം ബംഗ്ലാദേശിനെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം ന്യൂദല്‍ഹിയില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയില്‍ നടന്ന നിരവധി കൂടിയാലോചനകള്‍ നല്‍കുന്ന സൂചന ഇതാണ്. ഏതു വിധത്തില്‍ മോദി സര്‍ക്കാര്‍ അതു നടപ്പാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക