Kerala

ആഗോള അയ്യപ്പ സംഗമവും പമ്പാ സംഗമവും നടത്തും

Published by

സന്നിധാനം: ലോകമെമ്പാടും ഭക്തരുള്ള ശബരിമലയുമായി ബന്ധപ്പെട്ട് ആഗോള അയ്യപ്പ സംഗമം നടത്താന്‍ ദേവസ്വം ബോര്‍ഡ്. മണ്ഡലകാലത്തിന് ശേഷമാകും സംഗമം നടക്കുക. എവിടെ വച്ച് നടത്തണമെന്നത് പിന്നീട് തീരുമാനിക്കും.

27 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. സംഗമ സമയമാകുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ എത്തുമെന്ന പ്രതീക്ഷയും ദേവസ്വത്തിനുണ്ട്.

ശബരിമല വികസനത്തിന് അവരുടെ കൂടെ പിന്തുണയും സഹായവും ലഭ്യമാക്കുക എന്നതാണ് ഒരു ലക്ഷ്യം. ശബരിമല ആചാരങ്ങളെ കുറിച്ചുള്ള പ്രചാരണം, ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണവും ലക്ഷ്യമിടുന്നു.

കോവിഡ് കാലത്ത് നിന്നുപോയ പമ്പാ സംഗമം പുനരാരംഭിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി ആദ്യം നടത്താനാണ് ആലോചന.

ഗുരുസ്വാമിമാര്‍, സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കലാകാരന്മാര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പമ്പാതീരത്ത് ഒരു ദിവസം കൊണ്ട് പമ്പസംഗമം പൂര്‍ത്തിയാകും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by