ന്യൂദല്‍ഹി: ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ ഭാരത് (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന) പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 14.43 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇഎസ്‌ഐ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പുറമേയാണ് ആയുഷ്മാന്‍ ഭാരതിന്റെ ഗുണവും ലഭിക്കുക. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഏകദേശം 30,000 ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ഈ ആശുപത്രികളില്‍ നിന്ന് രണ്ടും മൂന്നും ഘട്ട ചികിത്സ ലഭിക്കും.
165 ആശുപത്രികള്‍, 1590 ഡിസ്‌പെന്‍സറികള്‍, 105 ഡിസ്‌പെന്‍സറി കം ബ്രാഞ്ച് ഓഫീസുകള്‍ (ഡിസിബിഒ), എംപാനല്‍ ചെയ്ത 2900 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ നിലവിലുള്ള ചികിത്സാ സൗകര്യങ്ങള്‍ തുടരും, കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 2534 തൊഴിലാളികളെ ഇഎസ്‌ഐക്ക് കീഴില്‍ കൊണ്ടുവന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ 267 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയാണ് ഇത്രയും പേരെ ഉള്‍പ്പെടുത്തിയത്. രാജ്യത്ത് ഒട്ടാകെ 6474 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 31267 തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ സ്ഥാപനങ്ങളിലെ സര്‍വേയ്‌ക്ക് പുറമെ തൊഴിലാളി സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നുള്ള പരാതികളും പരിഗണിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക