Cricket

ചാമ്പ്യന്‍സ് ട്രോഫി വേദി:തീരുമാനമാകാതെ പിരിഞ്ഞു

Published by

ദുബായ്: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച ഓണ്‍ലൈന്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാകിസ്ഥാനില്‍ പോയി കളിക്കാന്‍ ഭാരത താരങ്ങള്‍ തയ്യാറല്ലാത്തതാണ് ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് വീണ്ടും യോഗംചേരല്‍ തുടരും.

പാകിസ്ഥാനില്‍ പോയി കളിക്കാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ഇതേ തുടര്‍ന്ന് ഐസിസി ഭാരതത്തെ ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരാക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ പാകിസ്ഥാനെ ആതിഥേയരായി തെരഞ്ഞെടുത്ത സ്ഥിതിക്ക് ഇനിയൊരു പങ്കുവയ്‌ക്കലിനോട് യോജിക്കുന്നില്ലെന്നാണ് പാകിസ്ഥാന്‍ ക്രികറ്റ് ബോര്‍ഡിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഗുരുതര ചര്‍ച്ചയിലേക്ക് എത്തിയത്.

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതലാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ള ടൂര്‍ണമെന്റാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി. 1998 മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഒമ്പതാം പതിപ്പാണ് ഇനി വരാനിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായത് 2017ല്‍ പാകിസ്ഥാന്‍ ആണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഇടവേളയുണ്ടായിരിക്കുന്നത്. ഭാരതം രണ്ട് തവണ ജേതാക്കളായിട്ടുണ്ട്. 2002ല്‍ ശ്രീലങ്കയുമായി ട്രോഫി പങ്കുവച്ചു. 2013ല്‍ സമ്പൂര്‍ണ ജേതാക്കളായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by