കോട്ടയം: പഞ്ചമുഖമുള്ള രുദ്രാക്ഷം നല്കുന്ന രണ്ട് രുദ്രാക്ഷമരങ്ങള്‍ ആദര്‍ശിന് നല്ല വരുമാനം നല്‍കിയിരുന്നു. നാലേക്കര്‍ കൃഷി ഭൂമിയില്‍ രുദ്രാക്ഷത്തെക്കൂടാതെ അവക്കാഡോ, റംബൂട്ടാന്, ബോര്‍ണിയോ തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു. നേരത്തെ ഒരു വര്‍ഷം ഒരു കോടി രൂപ വരെ കിട്ടുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പഴംതീനി വവ്വാലുകള്‍ ആദര്‍ശിന്റെ കൃഷിയെല്ലാം നശിപ്പിക്കുകയായിരുന്നു.
2015-16 മുതലാണ് പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവയുടെ എണ്ണം പെരുകുകയും ഇവ കൂട്ടത്തോടെ പഴുക്കാത്ത പഴങ്ങള്‍ വരെ ഭക്ഷിക്കാന്‍ തുടങ്ങി. ഇതോടെ ഒരു രൂപ പോലും സമ്പാദിക്കാനാകുന്നിലെന്ന് ആദര്‍ശ് പറയുന്നു.
വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി ഉള്‍പ്പെടെയുള്ള പഴംകൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ കേസ് നല്‍കിയിരിക്കുകയാണ്. 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാലാ സബ് കോടതിയില്‍ ആണ് കേസ് നല്‍കിയത്.
ഗുണമേന്മയുള്ള പഞ്ച മുഖ രുദ്രാക്ഷം വിപണിയിലെത്തിക്കുക വഴി നല്ല വരുമാനം നേടാനും ആദര്‍ശിന് സാധിച്ചിരുന്നു. ഒരു പഞ്ചമുഖരുദ്രാക്ഷത്തിന് പത്ത് രൂപ വരെ വില കിട്ടിയിരുന്നു. എന്നാല്‍ പഴംതീനി വവ്വാലുകള്‍ കൂട്ടമായ് തോട്ടത്തിലെ പഴുക്കാത്ത പഴങ്ങള്‍ വരെ തിന്നുനശിപ്പിച്ചതോടെ കൃഷി വഴിമുട്ടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്ന് ആദര്‍ശ് പറയുന്നു. വായ്പ അടവ് മുടങ്ങിയതോടെ പൂഞ്ഞാര്‍ സഹകരണ ബാങ്കും കേരള ബാങ്കും ജപ്തി നടപടികളും ആരംഭിച്ചു. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ നുഴഞ്ഞുകയറിയുണ്ടാക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: