ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് പ്രധാന ഘടകമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പാസ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് അന്തിമ തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രതികൂലമായ പോലീസ് റിപ്പോര്‍ട്ട് ഉണ്ടെന്നുള്ളതുകൊണ്ടുമാത്രം പാസ്‌പോര്‍ട്ട് എടുക്കാനുള്ള ഒരു പൗരന്റെ അവകാശം തടയാനാവില്ല. വസ്തുതകള്‍, വ്യക്തിയുടെ മുന്‍കാല ചരിത്രം എന്നിവയെല്ലാം പരിഗണിച്ച് പാസ്‌പോര്‍ട്ട് അനുവദിക്കണോ എന്നത് പാസ്‌പോര്‍ട്ട് അതോറിറ്റിയാണ് തീരുമാനിക്കേണ്ടത് .പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് മുമ്പ് പോലീസ് പരിശോധന നടത്താമെന്നത് ഒരു വ്യവസ്ഥ മാത്രമാണ് . പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ തള്ളിയതിനെതിരെ ഒരു യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2012 മുതല്‍ 2022 വരെ ഈ യുവതിക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ നേപ്പാള്‍ സ്വദേശിയാണോ എന്ന് സംശയം പ്രകടിപ്പിച്ചു നല്‍കിയ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്‌റെ പുറത്ത് അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ഈ സംശയം സ്ഥിരീകരിക്കാന്‍ വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി യുവതിക്ക് അനുകൂല വിധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: