കൊല്ലം: കരുനാഗപ്പള്ളിയില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന്റെ അങ്കലാപ്പിലാണ് സി പി എം സംസ്ഥാന നേതൃത്വം. സി പി എമ്മില്‍ സാധാരണമല്ലാത്ത രീതിയാണ് കഴിഞ്ഞ ദിവസം കണ്ടത്. കഴിഞ്ഞ ദിവസം സമ്മേളനം അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ്് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവിലേക്ക് പ്രതിഷേധവുമായി എത്തി.കരുനാഗപ്പള്ളിയില്‍ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ക്രിമിനലുകളെ അടക്കം കമ്മിറ്റികളില്‍ തിരുകി കയറ്റിയെന്നും മുതലാളി സഖാക്കന്‍മാരുടെ കയ്യിലാണ് കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. കയ്യാങ്കളിയിലേക്ക് വരെ കടന്ന വിഭാഗീയതയില്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ കടുത്ത അതൃപ്തിയിലാണ്.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെ ഇന്നലെ നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയിലെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ അടക്കം പൂട്ടിയിട്ടു. സമ്മേളനത്തില്‍ ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്റെ നേതൃത്വത്തിലുളള മാഫിയ കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ തകര്‍ത്തെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടിക്കൊപ്പമുള്ളവരും പി.ആര്‍.വസന്തനെ അനുകൂലിക്കുന്നവരുമാണ് രണ്ട് വിഭാഗങ്ങളിലായുള്ളത്. ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിഭാഗവും വസന്തന്‍ വിഭാഗത്തിന്റെ ഒപ്പമാണ്. കമ്മിറ്റികളിലെ ആധിപത്യം ഉറപ്പിക്കലാണ് തര്‍ക്കങ്ങള്‍ക്ക് പിന്നിലുളളത്. വിഭാഗീയതയും പ്രതിഷേധങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയില്‍ തിടുക്കത്തില്‍ അച്ചടക്ക നടപടി വേണ്ടെന്നും അഭിപ്രായമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാകും തുടര്‍ നടപടി.
അതേസമയം,കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സംഘടനാ തലത്തില്‍ തന്നെ നടപടി ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: