Kerala

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം : മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ് : ഒരു ലക്ഷം രൂപയിലധികം പിഴയും വിധിച്ചു

Published by

പെരുമ്പാവൂർ : മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവിനും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഇരുപത്തിയേഴുകാരനായ ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്.

2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു. നിരവധി പ്രാവശ്യം പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്.

സിഐ ആയിരുന്ന കേഴ്സൺ വി മാർക്കോസ്, എസ് ഐമാരായ സി എ ഇബ്രാഹിംകുട്ടി, പി എ സുബൈർ, എ എസ് ഐ ഇ എസ് ബിന്ദു, സീനിയർ സിപിഒ എ ആർ ജയൻ, സി പി ഒ ഇൻഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

2022 ഫെബ്രുവരി 24 ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. 5 വകുപ്പുകളിൽ ആയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളിൽ 20 വർഷം വീതവും 2 വകുപ്പുകളിൽ അഞ്ചുവർഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ .സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by