സന്നിധാനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ സ്ലോട്ടുകള്‍ ലഭിക്കാതെ തല്‍സമയ ബുക്കിങ്ങില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ വര്‍ധിച്ചതോടെ പമ്പയിലെ സ്പോട്ട്് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.
തല്‍സമയ ബുക്കിങ്ങില്‍ ആദ്യത്തെ അവ്യക്തത മാറിയതോടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ദിവസവും 70,000 വെര്‍ച്വല്‍ ബുക്കിങ്ങും 10,000 തല്സമയവും ആയാണ് നിജപ്പെടുത്തിയത്. എന്നാല്‍ നടതുറന്ന് ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ പതിനായിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ ഈ സംവിധാനത്തില്‍ ദര്‍ശനത്തിന് എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ 4 മണിവരെയുള്ള കണക്ക് പ്രകാരം 60785 പേര് ദര്‍ശനം നടത്തിയതില്‍ 10,921 പേരും തല്‍സമയ ബുക്കിങ്ങില്‍ എത്തിയവര്‍ ആയിരുന്നു.
സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലാണ് ഇത്തവണ തല്‍സമയ ബുക്കിങ്ങ് സൗകര്യമുള്ളത്. തീര്‍ത്ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ദര്‍ശനം നടത്താം. മുന്‍ വര്‍ഷങ്ങളിലെപ്പോലെ നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് അവഗണിക്കുകയായിരുന്നു.
ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യു ബുക്കുചെയ്യുന്നവര്‍ അതേദിവസം എത്തിയില്ലങ്കിലും ബുക്കിങ് ക്യാന്‍സല്‍ ചെയ്യാത്തത് മറ്റുള്ളവരുടെ ദര്‍ശന സാധ്യത ഇല്ലാതാക്കുന്നുമുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ യാത്ര മാറ്റി വെക്കുന്നവര്‍ യഥാസമയം ക്യാന്‍സല്‍ ചെയ്യാത്തത് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. വരാത്തവര്‍ ക്യാന്‍സല്‍ ചെയ്താല്‍ ആ സ്ലോട്ട് മറ്റു തീര്‍ത്ഥാടകര്‍ക്ക് നല്കാന് കഴിയും.
എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ച അറിയിപ്പ് പലതവണ നല്‍കിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. തല്‍സമയ ബുക്കിങ്ങ് ഉയരാന്‍ മുഖ്യകാരണം ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: