ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ പുരാതന തീര്‍ത്ഥസ്ഥാനം കണ്ടെത്തി. ഹിര്‍പോറ വനമേഖലയിലാണ് ഭഗവാന്‍ ശിവനുമായി ബന്ധപ്പെട്ട അതിപുരാതന കേന്ദ്രമാണ് കണ്ടെത്തിയത്. കൊത്തുപണികളുള്ള ഒരു വലിയ പാറയും ക്ഷേത്ര ആകൃതിയിലുള്ള ചെറിയ നിര്‍മിതികളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ശിവലിംഗ രൂപങ്ങളുമാണ് വനമേഖലയില്‍ യാത്ര ചെയ്യുകയായിരുന്ന തസ്ലീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വിഷയം ചരിത്രകാരന്മാരുടെയും പുരാവസ്തുവകുപ്പിന്റെയും ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്ന് തസ്ലീം അഹമ്മദ് പറഞ്ഞു.
കാല്‍നടയായി മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. പാറയില്‍ ചെറിയ ക്ഷേത്രങ്ങളുടെ രൂപത്തില്‍ കൊത്തിയെടുത്ത മൂന്ന് ദ്വാരങ്ങളിലാണ് ശിവലിംഗങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടുല്‍പാല്‍ എന്നാണ് പ്രദേശവാസികള്‍ ഈ സ്ഥലത്തെ വിളിക്കുന്നത്. 600 വര്‍ഷം മുമ്പ് ഹിര്‍പോറ സെറ്റില്‍മെന്റ് സ്ഥാപിച്ചെന്ന് കരുതുന്ന രാജാ അവന്തിവര്‍മന്റെയും സഹോദരന്‍ സൂര്യവര്‍മന്റെയും കാലത്ത് നിര്‍മിച്ചതാകാം ഈ ക്ഷേത്ര രൂപങ്ങളെന്ന് ഗവേഷകന്‍ കൂടിയായ തസ്ലീം അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
കശ്മീരിന്റെ പുരാതനമായ സാംസ്‌കാരിക, ആത്മീയ പൈതൃകത്തിലേക്ക് ഒരു പുതിയ ജാലകം തുറക്കാവുന്ന കണ്ടെത്തലാണിതെന്ന് ഷോപ്പിയാന്‍ ജില്ലാ ഭരണകൂടം പ്രതികരിച്ചു. കൂടുതല്‍ ഗവേഷണത്തിനും സംരക്ഷണത്തിനുമായി പ്രദേശം പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് ഷോപ്പിയാന്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഹിര്‍പോറ വനമേഖലയുടെ പുരാതനത്വം സംബന്ധിച്ച് നേരത്തെയും ശ്രദ്ധയിലുള്ളതാണെന്നും പുതിയ കണ്ടെത്തല്‍ കൂടുതല്‍ പര്യവേക്ഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണെന്നും പുരാവസ്തുഗവേഷകനായ അഖീല്‍ മുഷ്താഖ് പറഞ്ഞു. പഴയ ശില്‍പങ്ങള്‍, ഒരു കൂട്ടം ശിവലിംഗങ്ങള്‍ തുടങ്ങിയവയെല്ലാം കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുമെന്ന് അഖീല്‍ മുഷ്താഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക