ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ 12,159 കോടി രൂപ സമാഹരിച്ച് ഇന്ത്യന്‍ റെയില്‍വെ. ഈ വര്‍ഷം സെപ്റ്റംബര്‍ 1 മുതല്‍ ഒക്‌ടോബര്‍ 31 വരെ നീണ്ട ഉത്സവ സീസണിലാണ് 12,159.35 കോടി രൂപ വരുമാനം നേടിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചത്.
ഗണേശ ചതുര്‍ഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ വലിയ രീതിയില്‍ റെയില്‍വേയുടെ ടിക്കറ്റ് വില്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വരുമാന നേട്ടം വ്യക്തമാക്കിയത്.
ഉത്സവ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വരുമാനം കൂടാൻ കാരണം. സെപ്റ്റംബർ ഒന്നിനും നവംബർ 10നും ഇടയിൽ 143.71 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചിട്ടുള്ളത്. സെൻട്രൽ സോണിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്, 31.63 കോടി യാത്രക്കാരണ് സെൻട്രൽ സോണില്‍ യാത്ര ചെയ്‌തത്. 26.13 കോടി യാത്രക്കാരുമായി പടിഞ്ഞാറൻ മേഖല രണ്ടാം സ്ഥാനത്തും 24.67 കോടി യാത്രക്കാരുമായി കിഴക്കൻ മേഖല മൂന്നാം സ്ഥാനത്തും എത്തി.
1.48 കോടി യാത്രക്കാര്‍ മാത്രമാണ് തെക്ക്-കിഴക്കൻ സെൻട്രൽ സോണില്‍ യാത്ര ചെയ്‌തത്. ഇത് 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 73 ശതമാനം വർധനവാണ് റെയില്‍വേയ്‌ക്കുണ്ടായത്. ഉത്സവ സീസണിലെ തിരക്ക് പരിഹരിക്കുന്നതിന് ഒക്‌ടോബർ 1 മുതൽ നവംബർ 30 വരെ 7,663 അധിക പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാൻ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: