India

ഇത് സംബാജി നഗര്‍ ആണ്, ഇവിടെ ചിലരുടെയൊക്കെ പിതാവ് ജനിച്ചാലും ഈ പേര് മാറ്റാന്‍ കഴിയില്ലെന്ന തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഫഡ് നാവിസ്

Published by

മുംബൈ: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കാലത്ത് ദേവേന്ദ്ര ഫഡ് നാവിസ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് മറുപടിനല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തെച്ചൊല്ലി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടി നല്‍കി ഫഡ് നാവിസ്. “ഇത് സംബാജി നഗര്‍ ആണ്, ഇവിടെ ചിലരുടെയൊക്കെ പിതാവ് ജനിച്ചാലും ഈ പേര് മാറ്റാന്‍ കഴിയില്ല” -ഇതായിരുന്നു ഒവൈസിയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ് നാവിസ് പ്രസംഗിച്ചത്.

ഈ പ്രസംഗത്തെക്കുറിച്ച് ചോദിച്ച ആനന്ദ ബസാര്‍ പത്രികയുടെ മാധ്യമപ്രവര്‍ത്തകയോട് താന്‍ ഈ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. ഏക് നാഥ് ഷിന്‍ഡെ സര‍്ക്കാരാണ് 2023 സെപ്തംബറില്‍ ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഛത്രപതി ശിവജിയുടെ മകനാണ് സംബാജി ചക്രവര്‍ത്തി.

1689ല്‍ ആണ് ഇദ്ദേഹത്തെ ഔറംഗസീബിന്റെ പടയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. തലയറുത്താണ് കൊന്നത്. ഇസ്ലാം മതത്തിലേക്ക് മാറാന്‍ കൂട്ടാക്കാതിരുന്നതാണ് കാരണമെന്ന് പറയുന്നു. ഈ ഛത്രപതി സംബാജി മഹാരാജിന്റെ പേര് ഓര്‍മ്മിക്കുന്നതിനാണ് ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കിയത്. ഛത്രപതി ശിവജിയുടെ ഈ മണ്ണിന്റെ പേര് എല്ലാക്കാലത്തും സംബാജി നഗര്‍ എന്നായിരിക്കുമെന്നും ഏതെങ്കിലും ആളുടെ പിതാവ് ഇവിടെ ജനിച്ചു എന്ന കാരണത്താല്‍ സംബാജി നഗറിന്റെ പേര്‍ ഇനി വീണ്ടും ഔറംഗബാദ് എന്നാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഫഡ് നാവിസ് ആ വിവാദപ്രസംഗത്തില്‍ താക്കീത് ചെയ്തിരുന്നു. മഹാവികാസ് അഘാഡി ഭരണത്തില്‍ വന്നാല്‍ സംബാജി നഗറിന്റെ പേര് പഴയ പടി ഔറംഗബാദ് എന്ന് തന്നെയാക്കി മാറ്റുമെന്ന ഒവൈസിയുടെ വെല്ലുവിളിക്ക് മറുപടിയായിരുന്നു ദേവേന്ദ്ര ഫഡ് നാവിസിന്റെ ഈ മറുപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക