ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജെപിസിയില്‍ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് ബിജെപിയുടെ തന്ത്രപരമായ നീക്കത്തില്‍ ഞെട്ടി. ബില്ലില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജെപിസിക്ക് സാവകാശം അനുവദിക്കണമെന്ന പ്രമേയവുമായി ബിജെപി എംപി നിഷികാന്ത് ദുബൈ രംഗത്ത് വന്നതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് വഖഫ് ഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു തുടക്കം മുതല്‍ കോണ്‍ഗ്രസ് ചെയ്തത്. ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്‌ക്ക് സമര്‍പ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു. ആ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മാസങ്ങളോളം ഒട്ടേറെ സിറ്റിങ്ങുകള്‍ നടത്തി ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കഴിഞ്ഞദിവസം ചേര്‍ന്ന അവസാന സിറ്റിങ്ങിലും ബില്ലിനെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. എന്നാല്‍ ശൈത്യകാല സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കുമെന്ന് ജെപിസി അധ്യക്ഷന്‍ സൂചന നല്‍കി. ഇതോടെ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തിറങ്ങി. ബില്‍ അവതരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറെ കാണാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ഇതിനിടെയാണ് തന്ത്രപരമായ നീക്കവുമായി ബിജെപി എംപി രംഗത്ത് വന്നത്. ബില്ല് അവതരണം നീട്ടിവെക്കുന്നതിനുള്ള പ്രമേയവുമായായിരുന്നു ഈ അപ്രതീക്ഷിത നീക്കം. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായി. വഖഫ് വിഷയം കൂടുതല്‍ കാലം സജീവമാക്കി നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അതുവഴി ബിജെപിക്ക് രാഷ്‌ട്രീയ നേട്ടം ഉണ്ടാവുമെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക