Kannur

രജിസ്ട്രേഷന്‍ ഫീസ് 130 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി; കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതായി പരാതി

Published by

കണ്ണൂര്‍: പരീക്ഷാഫീസിന്റെ മറവില്‍ വിദൂര വിദ്യാഭ്യാസ ബിരുദ വിദ്യാര്‍ഥികളെ കണ്ണൂര്‍ സര്‍വകലാശാല ചൂഷണം ചെയ്യുന്നതായി പരാതി.

വിദൂരവിദ്യാഭ്യാസം വഴി ഒന്നും രണ്ടും വര്‍ഷത്തെ ബിരുദ പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളെയാണ് കനത്ത ഫീസിന്റെ പേരില്‍ സര്‍വകലാശാല പ്രതിസന്ധിയിലാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശായില്‍ 2011 മുതല്‍ 2017 വരെ വിദൂര വിദ്യാഭ്യാസം വഴി ബിരുദ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് വെട്ടിലായത്.

കഴിഞ്ഞവര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി, ഇപ്രൂംവ്മെന്റ് പരീക്ഷകള്‍ എല്ലാവര്‍ഷവും എഴുതാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഒരറിയിപ്പുമില്ലാതെ കഴിഞ്ഞവര്‍ഷം ഈ സമ്പ്രദായം സര്‍വകലാശാല നിര്‍ത്തലാക്കുകയും 2018 മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ചുരുക്കുകയുമായിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ 2011 മുതല്‍ 17 വരെ അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒറ്റത്തവണ മേഴ്സിചാന്‍സ് അനുവദിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

അതുപ്രകാരം പുതിയ വിജഞാപനവും വന്നു. എന്നാല്‍ ഒറ്റത്തവണ മേഴ്സി ചാന്‍സ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ 5000 രൂപ കൂടി അടയ്‌ക്കണം. ഇതിനുപുറമേ ഓരോ പേപ്പറിനും 2000 രൂപവിതവും നല്‍കണം. അതായത് രണ്ട് പേപ്പര്‍ എഴുതാനുള്ളവര്‍ 9000 രൂപ അടയ്‌ക്കണം. പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെങ്കില്‍ അതിനും 2000 രൂപ അധികം അടയ്‌ക്കണം. മറ്റു സര്‍വകലാശാലകളിലൊന്നും ഇത്ര കനത്ത ഫീസ് ഇല്ലെന്നും മിക്ക വിദ്യാര്‍ഥികളും ഭീമമായ ഫീസ് അടയ്‌ക്കാന്‍ നിവൃത്തിയില്ലാത്തവരാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംവരെ പരീക്ഷ എഴുതാന്‍ രജിസ്ട്രേഷന്‍ ഫീസായി 430 രൂപയാണ് അടച്ചിരുന്നത്. ഒരു വിഷയത്തിന് 130 രൂപയും. ഈ തുകയാണ് ഒറ്റയടിക്ക് പത്തിരട്ടിയിലേറെയായി വര്‍ധിപ്പിച്ചത്. നൂറിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാ
നുള്ളത്. ഈ മാസം 30നാണ് പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി. ഭീമമായ ഫീസ് അടയ്‌ക്കാന്‍ വഴിയില്ലാതെ, പരീക്ഷയെഴുതാനുള്ള അവസാന അവസരവും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക