Thiruvananthapuram

മേനി നടിക്കാന്‍ മേയര്‍; അശാസ്ത്രീയ വാര്‍ഡ് വിഭജനത്തില്‍ എതിര്‍പ്പുമായി ബിജെപി

Published by

തിരുവനന്തപുരം: യുഎന്‍ ഷാങ്ഹായ് ഗ്ലോബല്‍ അവാര്‍ഡില്‍ മേനി പറയാന്‍ മേയറുടെ ശ്രമം. അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇടതുനയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി.

വാര്‍ഡ് വിഭജനം ചര്‍ച്ചചെയ്യണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അനുകൂലമായ വിധത്തില്‍ വാര്‍ഡുകള്‍ വെട്ടിമുറിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഷ്‌ട്രീയ നേട്ടത്തോടെയുള്ള വാര്‍ഡ് വിഭജനത്തില്‍ ഒരു വാര്‍ഡ് അധികം രൂപീകരിക്കുന്നതിന് ലക്ഷക്കണക്കിന് വീട്ടുനമ്പരുകള്‍ മാറ്റുകയും പത്തുലക്ഷത്തോളം ആള്‍ക്കാരുടെ ആധാര്‍ മാറ്റേണ്ടിയും വരുന്നത് നീതികരിക്കാനാകില്ലെന്നും ബിജെപി വ്യക്തമാക്കി. ചൈനീസ് അവാര്‍ഡ് ഉയര്‍ത്തിക്കാട്ടി മേയറുടെ അഴിമതികള്‍ മറക്കാനാകില്ലെന്ന് പറഞ്ഞതോടെ സിപിഎം കൗണ്‍സിലര്‍മാര്‍ ബഹളം വയ്‌ക്കുകയും ചര്‍ച്ച കൂടാതെ അഞ്ഞൂറോളം അജണ്ടകള്‍ പാസായതായി പ്രഖ്യാപിക്കുകയുമായിരുന്നു.

വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്, ടൗണ്‍പഌനിംഗ്, വിദ്യാഭ്യാസം തുടങ്ങിയ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുകളുടെ അജണ്ടകളിലൊന്നുപോലും ചര്‍ച്ച നടത്താതെയാണ് പാസാക്കിയതായി പ്രഖ്യാപിച്ചത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താതെ ഒളിച്ചോടുന്ന മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക