കാസര്‍കോട്: അഭിഭാഷകനും ബിഎംഎസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പി. സുഹാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്താന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. 2008 ഏപ്രില്‍ 17 നുണ്ടായ കൊലപാതകം കാസര്‍കോട്ട് ഏറെ ചര്‍ച്ചയായ സംഭവമാണ്.
തുടക്കത്തില്‍ കാസര്‍കോട് പോലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രംകോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ കേസിന്റെ വിചാരണ തലശേരി ജില്ലാ സെഷന്‍സ്‌കോടതിയിലേക്ക് മാറ്റി. ഇതിനിടയില്‍ പുനരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരം നടന്ന അന്വേഷണത്തില്‍ കൂടുതലായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടന്നിരുന്നു. ഇതിനിടെയിലാണ് വീണ്ടും പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതും.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി.എം. റഫീഖ് (37), എ.എ. അബ്ദുര്‍ റഹ്മാന്‍ എന്ന അമ്മി (35), കെ.ഇ. ബഷീര്‍(37), അഹ്മദ് ഷിഹാബ് (30), അഹ്മദ്‌സഫാന്‍ (30), അബ്ദുര്‍ റഹ്മാന്‍ എന്ന റഹിം (49)എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
2008 ഏപ്രിലില്‍ വര്‍ഗീയ സംഘടനകള്‍ നടത്തിയ കൊലപാതക പരമ്പര കാസര്‍കോടിനെ ഞെട്ടിച്ചിരുന്നു. സുഹാസ് വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന് കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് കേസിന്റെ വിചാരണ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ.ജോസഫ് തോമസിനെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക