ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ് (19) കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവിനായി (21) പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആരവ് സംഭവത്തിന് ശേഷം രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാൾ ഇന്ദിരാനഗറിൽനിന്ന് മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻമാർഗം കേരളത്തിലേക്ക് കടന്നുകളഞ്ഞതായാണ് സംശയം. കഴിഞ്ഞദിവസമാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിങ്സ് സർവീസ് അപ്പാർട്ട്മെന്റിൽ അസം സ്വദേശിനിയായ മായയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മായയും ആരവും ഇക്കഴിഞ്ഞ 23-ാം തീയതി വൈകീട്ടോടെയാണ് സർവീസ് അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്.
ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയിൽ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപ്പാർട്ട്മെന്റിൽനിന്ന് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉൾപ്പെടെ പരുക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകത്തിന് ശേഷം ആരവ് മൃതദേഹത്തിനൊപ്പം മുറിയിൽ രണ്ടുദിവസം ചെലവഴിച്ചു. കൊലപ്പെടുത്താനുള്ള കത്തി പ്രതി നേരത്തെ ബാഗിൽ കരുതിയിരുന്നു. എന്നാൽ, അപ്പാർട്ട്മെന്റിൽ താമസം തുടരുന്നതിനിടെ പ്രതി ഓൺലൈൻ വഴി നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് കയർ വാങ്ങിയതെന്ന് വ്യക്തമല്ല.
മായയും ആരവും തമ്മിൽ ആറുമാസത്തോളമായി സൗഹൃദത്തിലാണെന്നാണ് യുവതിയുടെ സഹോദരി പോലീസിന് നൽകിയ മൊഴി. എന്നാൽ, എങ്ങനെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് വ്യക്തമല്ല. കണ്ണൂർ സ്വദേശിയായ ആരവ് എച്ച്.എസ്.ആർ. ലേഔട്ടിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിൽ സ്റ്റുഡന്റ് കൗൺസിലറായി ജോലിചെയ്തുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: