India

1,435 കോടി ചെലവിൽ പാൻ 2.0 പദ്ധതിയുമായി സർക്കാർ

Published by

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് ഒരു ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പാൻ 2.0യിലേക്ക് ഓൺലൈനിലൂടെ സൗജന്യമായി അപ്്ഗ്രേഡ് ചെയ്യാം.

നിലവിലെ പാൻ നമ്പർ മാറില്ല. ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതിനാൽ, ശക്തവും സുരക്ഷിതവുമായ തിരിച്ചറിയൽ രേഖയായി പുതിയ പാൻ 2.0 മാറുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

ഉപയോക്തൃ ഡേറ്റ സുരക്ഷ ഉറപ്പാക്കാനും സൈബർ ആക്രമണങ്ങൾ ചെറുക്കാനും സാധിക്കുമെന്നും കരുതുന്നു. പാൻ പുതുക്കുന്നതിനുള്ള പോർട്ടൽ ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പാൻ ഉടമകൾക്കും ലഭിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ക്യുആർ കോഡ് സഹിതമാണ് പുതിയ പാൻ 2.0 എത്തുന്നത്. ആദായ നികുതിദായകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുക കൂടി ഉദ്ദേശിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു.

1,435 കോടി രൂപ ചെലവിട്ടാണ് പുതിയ പദ്ധതി കേന്ദ്രം നടപ്പാക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, നികുതിവകുപ്പ് ഉൾപ്പെടെ എല്ലാ സർക്കാർ സംവിധാനങ്ങളിലും ഒരു പൊതു ഐഡിയായി ഉപയോഗിക്കുക കൂടി ലക്ഷ്യമിടുന്നതാണ് പാൻ 2.0.

നിലവിൽ രാജ്യത്ത് 78 കോടി പാൻ‌ കാർഡ് ഉടമകളുണ്ട്. ഇതിൽ 98 ശതമാനവും വ്യക്തികൾ. ഓരോ വ്യക്തിയുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സമ്പൂർണ സാമ്പത്തിക ഇടപാട് വിവരങ്ങൾ ലഭിക്കുമെന്നതാണ് 10-അക്ക ആൽഫാന്യൂമറിക് നമ്പറോട് കൂടിയ പാൻ കാർഡിന്റെ സവിശേഷത.

ബാങ്കിങ് സേവനങ്ങൾ, നികുതി ഇടപാടുകൾ തുടങ്ങിയവയ്‌ക്കെല്ലാം പാൻ അനിവാര്യമാണ്. ആദായനികുതിയിലെ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്), വിൽപന ഇടപാടിൽ നിന്നുള്ള നികുതി (ടിസിഎസ്), മറ്റ് നികുതി ഇടപാടുകൾ എന്നിവ ഒറ്റക്കുടക്കീഴിൽ കേന്ദ്രീകരിക്കാൻ നികുതിവകുപ്പിന് പാൻ വിവരങ്ങളിലൂടെ കഴിയും.

ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടതും നിബന്ധമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by