ന്യൂദല്‍ഹി: ഗൗതം അദാനിയോ മരുമകന് സാഗര്‍ അദാനിയോ വിനീത് ജെയിനോ യുഎസിലെ ഫോറിന് കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ- വിദേശ അഴിമതി നടത്തല്‍ ചട്ടം) ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ യുഎസ് അറ്റോര്‍ണി അദാനിയ്ക്കും അദാനി ഗ്രീന്‍ എനര്‍ജിക്കും എതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷകരായ മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും. ഇരുവരും ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ അദാനി നിരപരാധിയാണെന്ന് വന്നതോടെ അദാനി ഓഹരികളുടെ വില 17 ശതമാനത്തോളം കുതിച്ചുയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില പത്ത് ശതമാനവും അദാനി പവര്‍ ഓഹരി വില 17 ശതമാനവും ഉയര്‍ന്നു. രോഹ്തഗി ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. മഹേഷ് ജെത് മലാനി പ്രമുഖ അഭിഭാഷകനായ രാംജെത് മലാനിയുടെ മകനും രാജ്യസഭാ എംപിയും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകനുമാണ്.
അദാനിയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പിലെ അറ്റോര്‍ണി നടത്തിയ കുറ്റാരോപണം തെറ്റാണെന്ന് ഇന്ത്യയിലെ സീനിയര്‍ അഭിഭാഷകര്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫലപ്രദമായ വിശദീകരണം നല്കാന് രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചെടുക്കുകയായിരുന്നു.
മൂന്ന് പ്രധാന പോയിന്റുകളാണ് മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും ഉയര്‍ത്തിയത്.
1. എഫ് സിപിഎ പ്രകാരമുള്ള അഴിമതിക്കേസില്‍ അദാനിയോ സാഗര്‍ അദാനിയോ ഉള്‍പ്പെട്ടിട്ടില്ല.
2.യുഎസ് നീതിന്യായവകുപ്പ് നല്കിയ കുറ്റപത്രത്തില്‍ കൈക്കൂലി നല്‍കിയതിന്റെ വിശദാംശങ്ങളോ, കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരുകളോ, കൈക്കൂലി നല്‍കിയതിന്റെ തെളിവുകളോ ഇല്ല.
3.അദാനി ആഗോള ബിസിനസുകാരനാണ്. പല യുഎസ് ബിസിനസ് സ്ഥാപനങ്ങള്‍ക്കു തന്നെ അദാനിയുടെ സാന്നിധ്യം വെല്ലുവിളിയാണ്. അതിനാല്‍ വിവിധ ചെറുരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് അദാനിയെ വീഴ്ത്താനായി സൃഷ്ടിച്ചതാണ് ഈ കേസ്. ഡമോക്രാറ്റ് പാര്‍ട്ടിയിലെയും ഡമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന യുഎസ് സര്‍ക്കാരിലെയും ഉന്നതരും ശതകോടീശ്വരന്മാരായ ബിസിനസുകാരും അവര്‍ നിയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകസംഘങ്ങളും എന്‍ജിഒകളും അഭിഭാഷകരും എല്ലാം ഉള്‍പെടുന്ന ഒരു വന്‍ അധികാരശൃംഖലയെ വിളിക്കുന്ന പേരാണ് ഡീപ് സ്റ്റേറ്റ്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുറെ നാളുകളായി ഡീപ് സ്റ്റേറ്റ് ശ്രമിക്കുന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെ കഴിഞ്ഞ തവണ വീഴ്ത്തിയതും ഈ ഡീപ് സ്റ്റേറ്റ് തന്നെ. ഇന്ത്യയില്‍ ദുര്‍ബലനായ രാഹുല്‍ ഗാന്ധിയെ പകരം അധികാരത്തില്‍ കയറ്റുകയാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇതിന് മുന്‍പ് ഉയര്‍ന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണവും ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയും അദാനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും ഡീപ് സ്റ്റേറ്റിന്റേതാണ്. ജോര്‍ജ്ജ് സോറോസ് എന്ന യുഎസ് ശതകോടീശ്വരന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്.
മുകുള്‍ രോഹ്തഗി പറയുന്നു
“ഞാന്‍ വിശദമായി യുഎസ് നീതിന്യായ വകുപ്പിന്റെ ഈ കുറ്റപത്രത്തിലൂടെ കടന്നുപോയി. ആകെ അഞ്ച് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഒന്നാമത്തേതും അഞ്ചാമത്തേതുമാണ് ഗൗരവമായ കുറ്റപ്പെടുത്തലുകള്‍. പക്ഷെ ഇതില്‍ രണ്ടിലും അദാനിയുടേയോ സാഗര്‍ അദാനിയുടെയോ പേരുകള്‍ ഇല്ല. ഒന്നാമത്തെ ആരോപണത്തില്‍ അദാനിയുടെയോ മരുമകന്റെയോ പേരില്ല. ചില എക്സിക്യൂട്ടീവുകളും മറ്റും യുഎസ് സര്‍ക്കാരിന്റെ എഫ് സിപിഎ നിയമം ലംഘിക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. മറ്റ് രണ്ടുമൂന്ന് ആരോപണങ്ങള്‍ ബോണ്ടുകളെക്കുറിച്ചും സെക്യൂരിറ്റികളെക്കുറിച്ചുമാണ്.”-മുകുള്‍ രോഹ്തഗി പറയുന്നു.
വൈദ്യുതോര്‍ജ്ജം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള കരാറുകള്‍ സ്വന്തമാക്കാന്‍ ചില ഇന്ത്യന്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അദാനിയും മരുമകനും മറ്റും കൈക്കൂലി നല്കി എന്നാണ് ആരോപണം. പക്ഷെ ആര്‍ക്ക് കൈക്കൂലി നല്കി, എന്ത് രീതിയിലായിരുന്നു കൈക്കൂലി നല്‍കിയത്, കൈക്കൂലി നല്‍കിയതിന്റെ തെളിവുകള്‍, എന്തൊക്കെ?, ഏതേത് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്, അവരുടെ പേരുകളും തുടങ്ങിയ വിശദാംശങ്ങളൊന്നും തന്നെ ഇല്ല ഇതേക്കുറിച്ചെല്ലാം കുറ്റപത്രം മൗനം പാലിക്കുന്നു.ഇത്തരം കുറ്റാരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുപോലുമില്ല”-മുകുള്‍ രോഹ്തഗി പറയുന്നു.
ഒന്നും അഞ്ചും കുറ്റാരോപണങ്ങള്‍ അദാനി എക്സിക്യൂട്ടിവുകള്‍ക്കെതിരെയല്ല, മറ്റു ചിലര്‍ക്കെതിരെയാണ്. കുറ്റാരോപണം വ്യക്തമല്ലാത്തതിനാല്‍ ഇതിന് മറുപടി നല്‍കാനും ബുദ്ധിമുട്ടാണ്. “- മുകുള്‍ രോഹ്തഗി വിശദീകരിക്കുന്നു. താന്‍ അദാനി ഗ്രൂപ്പിന്റെ വക്താവല്ലെന്നും അദാനി ഗ്രൂപ്പിന് വേണ്ടി നിരവധി കേസുകള്‍ വാദിച്ചതിന്റെ ഫലത്തിലാണ് ഇത് പറയുന്നതെന്നും മുകുള്‍ രോഹ്തഗി പറഞ്ഞു.
മഹേഷ് ജെത് മലാനി യുടെ വിശദീകരണം
ഈ പ്രശ്നം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മഹേഷ് ജെത് മലാനി പറഞ്ഞു. “അദാനി പ്രശ്നത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണ്. മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് മറുപടി പറയാന്‍ കഴിയാത്തതിനാല്‍ അവര്‍ അദാനി പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിട്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. അതിന് ഉദാഹരണമാണ് അദാനി പ്രശ്നവും മണിപ്പൂര്‍ പ്രശ്നവും. ഇത് രാജ്യതാല്പര്യങ്ങള്ക്ക് എതിരുമാണ്.”- മഹേഷ് ജെത് മലാനി ചൂണ്ടിക്കാട്ടി.
അദാനിയ്ക്കെതിരെ കുറ്റം വിധിച്ച യുഎസിലെ നീതിന്യായ വകുപ്പിന്റെ (ഡിപാര്‍ട്മെന്റ് ഓഫ് ജസ്റ്റിസ്) ഉദ്ദേശശുദ്ധിയെയും മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി. “അസാധാരണ തിടുക്കത്തിലാണ് യുഎസിലെ നീതിന്യായവകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇവരുടെ കുറ്റാരോപണങ്ങളില്‍ കഴമ്പില്ല. ഇത് ഒരു രാഷ്ട്രീയ പ്രേരിതമായി ചെയ്ത ഒരു കാര്യമായാണ് തോന്നുന്നത്”. – ജെത് മലാനി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ജയിച്ചപ്പോള്‍ അഭിനന്ദനമറിയിച്ച് അദാനി സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങളാണ് ഇത്തരമൊരു പ്രതികാരത്തിന് ബൈഡന് സര്‍ക്കാരിന്റെ ഭാഗമായ യുഎസിലെ നീതിന്യായവകുപ്പിനെ പ്രേരിപ്പിച്ചിരിക്കുകയെന്നും മഹേഷ് ജെത് മലാനി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: