മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഇനി ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വരണം. അമിത് ഷായുടെ ഷിന്‍ഡേ പക്ഷം ശിവസേന എംപിമാരുമായുള്ള അവസാന വട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് ദിവസം മുന്‍പേ തന്നെ എന്‍സിപി നേതാവ് അജിത് പവാര്‍ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ച മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്നും ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെ പിന്‍വാങ്ങിയതോടെയാണ് ദേവേന്ദ്ര ഫഡ് നാവിസിന് ശരിയ്ക്കും വഴി തെളിഞ്ഞിരിക്കുന്നത്.
ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കുക എന്ന ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചുവെന്നും അതില്‍ താന്‍ തൃപ്തനാണെന്നും മോദിയോട് നന്ദിയുണ്ടെന്നും പ്രഖ്യാപിച്ച് ഏക് നാഥ് ഷിന്‍ഡെ ബുധനാവ്ച നടത്തിയ വികാരാധീനമായ പ്രഖ്യാപനം ബിജെപി ക്യാമ്പുകളില്‍ ആഹ്ളാദം പരത്തി. 2019നേക്കാള്‍ മികച്ച പ്രകടനമാണ് ഇക്കുറി ബിജെപി നടത്തിയത്. 132 സീറ്റുകളില്‍ വിജയിക്കുക വഴി ഏകദേശം 85 എന്ന വിജയശതമാനമാണ് മഹാരാഷ്ട്രയില്‍ ബിജെപി നേടിയത്. ബിജെപി നേതാക്കളില്‍ പലരും ഈ അസുലഭ വിജയത്തിന്റെ ക്രെഡിറ്റ് ദേവേന്ദ്ര ഫഡ് നാവിസിന് നല്‍കിയിരുന്നു.
അങ്ങിനെ മഹാരാഷ്ട്രയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. 2014ലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് ശേഷമാണ് 2019ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ധവ് താക്കറെ പക്ഷവും ബിജെപിയും സഖ്യകക്ഷിയായിരുന്നിട്ടും ഇരുകക്ഷികള്‍ക്കും ഭരിയ്ക്കാന്‍ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും മുഖ്യമന്ത്രിക്കസേരയുടെ പ്രലോഭനത്തില്‍ വീണ് ഉദ്ധവ് താക്കറെ ബിജെപിയെ ചതിച്ചത്. ഉദ്ധവ് താക്കറെയുടെ മനസ്സില്‍ ആ പ്രലോഭനത്തിന്റെ വിഷവിത്ത് വിതച്ചത് ശരത് പവാറും. ഇന്ന് ഈ രണ്ട് പേരുടെയും പാര്‍ട്ടികള്‍ നെടുകെ പിളര്‍ന്ന് ഒരു പക്ഷം ബിജെപിയ്ക്ക് ഒപ്പമാണ്. അങ്ങിനെ 2019ല്‍ ബിജെപിയ്ക്ക് കൈമോശം വന്ന മുഖ്യമന്ത്രി പദം വീണ്ടും ബിജെപിയിലേക്കെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: