India

സംഭാലിൽ കലാപം ഉണ്ടാക്കിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് ; പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കും

Published by

ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനും അക്രമം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കലാപത്തിൽ 400 പേർക്കെതിരേ കേസെടുത്തു. സമാജ്‌വാദി പാർട്ടി സംഭാൽ എം.പി. സിയാ-ഉർ-റഹ്‌മാൻ ബർഖ്, സംഭാൽ എം.എൽ.എ. ഇഖ്ബാൽ മെഹമൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാൽ എന്നിവരും പ്രതികളാണ്.

അവർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പോസ്‌റ്ററുകൾ പതിപ്പിക്കാനും അവരെ കണ്ടെത്താൻ സഹായിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനും പോലീസ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുപുറമെ, കലാപത്തിൽ പൊതുമുതൽ നശിപ്പിച്ചതിനും ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ യോഗി നിർദേശം നൽകിയത് . സിസിടിവി ദൃശ്യങ്ങളും കലാപകാരികളെ തിരിച്ചറിയാൻ പൊലീസ് ഉപയോഗിക്കുന്നു. നൂറിലധികം കലാപകാരികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കലാപകാരികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംഭാൽ പോലീസും ഭരണകൂടവും. കലാപകാരികളെ ഉടൻ പിടികൂടാൻ ഈ നടപടി സഹായിക്കുമെന്ന് മൊറാദാബാദ് ഡിവിഷൻ കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ് പറഞ്ഞു. നിരപരാധികൾക്കെതിരെ നടപടിയെടുക്കില്ലെന്നും എന്നാൽ കലാപത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by