തിരുവനന്തപുരം: ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ട് ക്ലബ്ബ് വീണ്ടും സ്വകാര്യ സംരംഭത്തിന് മറിച്ച് നല്‍കാന്‍ നീക്കം. സിനി ആര്‍ട്ട് കഫേയ്‌ക്ക് നല്‍കിയത് തന്നെ അനധികൃതമായിരുന്നുവെന്ന വസ്തുതയാണുള്ളത്. ഇതേ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ മൂന്നാമതൊരു സ്വകാര്യ വ്യക്തിക്ക് പ്രദേശം കൈമാറാന്‍ നീക്കം നടക്കുന്നത്.
2022ലാണ് ബോട്ട് ക്ലബ്ബ് പ്രദേശം വകുപ്പ് മന്ത്രിയും മുന്‍ ഡിറ്റിപിസി സെക്രട്ടറി ഷാരോണും ചേര്‍ന്ന് സിനി ആര്‍ട്ട് കഫേ നടത്തിപ്പിന് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിലച്ചതോടെ മറ്റൊരു വ്യക്തിക്ക് ടീ സ്റ്റാള്‍ കൂടി നടത്താന്‍ നല്‍കി. ഇതു രണ്ടും നിലച്ചതോടെയാണ് വീണ്ടും മറ്റൊരു വ്യക്തിക്ക് തീറെഴുതാന്‍ പദ്ധതിയൊരുക്കുന്നത്. സിനിമാ സീരിയല്‍ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ചര്‍ച്ച നടത്താനും കാമ്പയിന്‍ നടത്താനുള്ള വേദിയെന്ന രീതിയിലായിരുന്നു ബോട്ട് ക്ലബ്ബ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമുള്‍പ്പെടെ സിനി ആര്‍ട്ട് കഫേക്ക് നല്‍കിയത്. ബോട്ട് ക്ലബ്ബിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം അതിര്‍ത്തി അടച്ച് താത്ക്കാലിക ഷെഡും നിര്‍മിച്ചാണ് കഫേ പ്രവര്‍ത്തനം തുടങ്ങിയത്. ഭക്ഷണസാധനങ്ങളുടെ വില്‍പനയും ഇതോടൊപ്പം നടത്തിയിരുന്നു. എന്നാല്‍ ഇതുനല്‍കിയതു തന്നെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നാണ് ഡിറ്റിപിസിയില്‍ നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനോദ് കുമാറിനാണ് കഫേ നടത്തിപ്പിന് നല്‍കിയത്. വര്‍ഷംതോറും പുതുക്കുന്ന രീതിയിലുള്ള കരാറിലാണ് നല്‍കിയത്. എന്നാല്‍ ഇവിടെ താത്ക്കാലിക ഷെഡ് നിര്‍മാണത്തിന് ഡിറ്റിപിസി രേഖാമൂലം അനുമതി നല്‍കിയിട്ടില്ല. മാത്രവുമല്ല ഭക്ഷണവസ്തുക്കളുടെ വില്‍പ്പനയ്‌ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടിയുടെ സര്‍ട്ടിഫിക്കറ്റു പോലും ഇല്ലാതെയാണ് കഫേ പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ നഗരസഭയുടെ അനുമതിയും ഇക്കാര്യത്തിലുണ്ടായിരുന്നില്ല. ഇത് അടച്ചു പൂട്ടിയതോടെയാണ് മറ്റൊരു വ്യക്തി ഇവിടെ ടീസ്റ്റാള്‍ തുടങ്ങുന്നത്. ടീസ്റ്റാളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഡിറ്റിപിസിയില്‍ രേഖകളൊന്നുമില്ല. നിയമവിരുദ്ധമായി വിനോദ് തന്നെ ടീസ്റ്റാളിന് നല്‍കിയെന്നാണ് പറയുന്നത്. ഡിറ്റിപിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഡിറ്റിപിസിയുടെ അനുമതിയില്ലാതെ കരാറെടുക്കുന്ന വ്യക്തി മറ്റൊരു വ്യക്തിക്ക് ഏതെങ്കിലും സംരംഭത്തിന് കൈമാറിയാല്‍ ഡിറ്റിപിസിക്ക് തിരിച്ച് പിടിക്കാവുന്നതാണ്. ഇവിടെ അതുണ്ടായിട്ടില്ല. മാത്രവുമല്ല ഡിറ്റിപിസിയുടെ നിയമപ്രകാരമുള്ള അനുമതിയില്ലാതെ ഡിറ്റിപിസി സെക്രട്ടറിയായിരുന്ന ഷാരോണ്‍ വീട്ടില്‍ താത്ക്കാലിക ഷെഡ് പണിത് സിനി കഫേ നടത്താന്‍ നല്‍കിയതും ദുരൂഹതയുയര്‍ത്തുകയാണ്. വന്‍ ക്രമക്കേടാണ് ടൂറിസത്തിന്റെ മറവില്‍ നടത്തിയതെന്നതാണ് വസ്തുത. ഇപ്പോള്‍ വീണ്ടും സ്വകാര്യ വ്യക്തിക്ക് തീറെഴുതാനുള്ള നീക്കം നടത്തുന്നതും നിയമവിരുദ്ധമായിട്ടാണെന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക