Kerala

നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ; മദ‍്യലഹരിയിൽ മയങ്ങി, പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ അബോധാവസ്ഥയിലായി

Published by

തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. മദ‍്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ച് പോയെന്ന് ക്ലീനർ അലക്സ് മൊഴി നൽകി. വണ്ടി എന്തിലോ തട്ടുന്നതായി തോന്നിയപ്പോൾ വെട്ടിച്ചുവെന്നും അപ്പോൾ നിലവിളി കേട്ടുവെന്നും അതോടെ രക്ഷപ്പെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി.

വൈകിട്ട് അഞ്ച് മണിയോടെയാണ് ലോറിയിൽ തടി ക‍യറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ‍്യം വാങ്ങുകയും യാത്രക്കിടെ തുടർച്ചയായി മദ‍്യപിച്ചുകൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് ക്ലീനറാണ് വണ്ടിയോടിച്ചത്. യാത്രക്കിടെ ഡ്രൈവർ ജോസിനൊപ്പം തുടർച്ചയായി മദ‍്യപിച്ചെന്നും മദ‍്യലഹരിയിൽ മയങ്ങിപോയെന്നും അലക്സ് മൊഴി നൽകി.

കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ‍്യലഹരിയിൽ വരുത്തിയ ദുരന്തമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. മന:പൂർവമായ നരഹത‍്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് വ‍്യക്തമാക്കി.

കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (30), ബംഗാഴി (20) വിശ്വ (1) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ജാൻസി (24), ചിത്ര (24), ദേവേന്ദ്രൻ (27), ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by