Kerala

കോണ്‍ഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു: കെ. സുരേന്ദ്രന്‍

Published by

കൊച്ചി: ഭരണഘടനയെ സസ്‌പെന്‍ഡ് ചെയ്തവര്‍ ഇപ്പോള്‍ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭരണഘടനയെ കോണ്‍ഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ല. കൊച്ചി മറൈന്‍ ഇന്‍ ഹോട്ടലില്‍ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആര്‍ട്ടിക്കിള്‍ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍. എന്നാല്‍ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയില്ല. ഭരണഘടനയുടെ കടയ്‌ക്കല്‍ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോണ്‍ഗ്രസ് എടുത്തത്. ഭരണഘടനയെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നു. മഹാരാഷ്‌ട്രയില്‍ തോറ്റ് തുന്നം പാടിയപ്പോള്‍ കെ.സി. വേണുഗോപാല്‍ പറയുന്നത് വോട്ടിങ് മെഷീന്‍ തിരിമറിയെന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുക, ഇവിഎമ്മിനെ കുറ്റപ്പെടുത്തുക, സുപ്രീംകോടതിയെ ദുരുപയോഗം ചെയ്യുക എന്നതൊക്കെയാണ് കോണ്‍ഗ്രസിന്റെ രീതി. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അര്‍ബന്‍ നക്‌സലുകളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. രാജ്യം ഭരണഘടനാദിനമായി ആചരിക്കുന്ന വേളയില്‍ ഇത്തരം ശക്തികള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കേണ്ടത് അനിവാര്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സംസ്ഥാന ജന. സെക്രട്ടറിമാരായ കെ. സുധീര്‍, സി. കൃഷ്ണകുമാര്‍, സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, ബിജെപി ദേശീയസമിതിയംഗം പി.സി. ജോര്‍ജ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by