Kerala

ന്യൂനമര്‍ദം തീവ്രമായി; ഫെയിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കും

Published by

കൊച്ചി: തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലിലെ മൂന്നാമത്തെ ചുഴലിക്കാറ്റുമായ ഫെയിന്‍ജല്‍ ഇന്ന് രൂപമെടുക്കും. ഇക്കാര്യം ഇന്നലെ രാവിലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം സ്ഥിരീകരിച്ച് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി.

കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ ലഭിക്കുന്നുണ്ട്. പലയിടത്തും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. ഇന്നും നാളെയും കൂടി സമാന സാഹചര്യം തുടരുമെങ്കിലും ഇടവേളകളില്‍ വെയിലെത്തും.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശ്രീലങ്കയ്‌ക്ക് സമീപമാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ തീവ്രന്യൂനമര്‍ദം തുടരുന്നത്. വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് ഇന്ന് രാവിലെയോടെ ചുഴലിക്കാറ്റാകും. ഈ സമയം 85 കി.മീ. വരെ കാറ്റ് വേഗത കൈവരിക്കും. പിന്നീട് സമാന ദിശയില്‍ തന്നെ നീങ്ങി ശ്രീലങ്കന്‍ തീരത്തൂടെ നീങ്ങി 29ന് തമിഴ്‌നാട്ടിലേക്ക് എത്തും. വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തായി കരതൊടുമെന്ന പ്രവചനവും വരുന്നുണ്ട്. പുതുച്ചേരി, നാഗപട്ടണം, ചെന്നൈ അടക്കമുള്ള മേഖലയിലെല്ലാം ശക്തമായ മഴയ്‌ക്ക് ഇത് കാരണമാകും. കേരളത്തില്‍ മഴ കുറയാന്‍ കാരണം ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയും നിലവില്‍ തുടരുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണുമാണ്. പടിഞ്ഞാറന്‍ കാറ്റ് ശക്തമല്ലാത്തതും ഗുണമായി.

എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാം. രാജ്യത്ത് തന്നെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ ഏതാനം ദിവസമായി കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇതിന് പ്രധാന കാരണം നിലവിലെ ന്യൂനമര്‍ദമാണ്. ചുഴലിക്കാറ്റിന് ഫെയിന്‍ജല്‍ എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത് സൗദി അറേബ്യയാണ്. നേരത്തെ ഒക്ടോബര്‍ അവസാനം ദന ചുഴലിക്കാറ്റും ആഗസ്ത് അവസാനം അസ്‌നയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരുന്നു. മെയ് അവസാനം അറബിക്കടലില്‍ റിമാല്‍ ചുഴലിക്കാറ്റും രൂപപ്പെട്ടിരുന്നു. അടുത്തതായി രൂപമെടുക്കുന്ന ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ശ്രീലങ്കയാണ്. ശക്തിയെന്നാകും പേര്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by