കൊച്ചി: മത്സ്യമേഖലയില്‍ സബ്സിഡി നിര്‍ത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യൂടിഒ) കരാറിന്‍മേലുള്ള ചര്‍ച്ചകളില്‍ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യം. സബ്സിഡി വിഷയത്തില്‍ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ നിര്‍ദേശിച്ചു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവരുമായി സഹകരിച്ച് ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം- ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (ബിഒബിപി- ഐജിഒ) സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഫിഷറീസ് ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, വ്യാപാര- നിക്ഷേപ- നിയമ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
മത്സ്യമേഖലയില്‍ വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും തമ്മില്‍ വലിയ അന്തരമാണുള്ളത്. മുന്‍കാലങ്ങളില്‍, സബ്സിഡികള്‍ മുഖേനയാണ് വികസിത രാജ്യങ്ങള്‍ അവരുടെ ഫിഷറീസ് രംഗം വന്‍ വ്യവസായമാക്കി മാറ്റിയത്. ഇതിലൂടെ, വ്യാവസായിക യാനങ്ങള്‍ നിര്‍മിച്ച് പരിസ്ഥിതി ആഘാതങ്ങള്‍ പരിഗണിക്കാതെ വന്‍തോതില്‍ വിഭവചൂഷണം നടത്തി. എന്നാല്‍, ഭാരതം പോലുള്ള വികസ്വര രാജ്യങ്ങളിലെ മീന്‍പിടിത്തം ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ്. ഈ കരാറിന്‍മേലുള്ള ചര്‍ച്ചകള്‍ മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിലും ഊന്നല്‍ നല്‍കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയെ (എഫ്എഒ) പ്രതിനിധീകരിച്ച് സാമ്പത്തിക വിദഗ്ധ പിനര്‍ കര്‍ക്കയ സംസാരിച്ചു. മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാന്‍ കരാര്‍ പ്രയോജനകരമാകുമെന്ന് അവര്‍ പറഞ്ഞു.
തായ്‌ലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഭാരതം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിഒബിപി ഡയറക്ടര്‍ ഡോ. പി. കൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: