Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുല്‍ പി ഗോപാലിനെ റിമാന്‍ഡ് ചെയ്തു

Published by

കോഴിക്കോട്:പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാലിനെ റിമാന്‍ഡ് ചെയ്തു.കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് നടപടി. പറവൂര്‍ സ്വദേശിനിയായ ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സമാന പരാതിയില്‍ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരവെയാണ് വീണ്ടും പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭക്ഷണത്തില്‍ ഉപ്പ് പോരെന്നതടക്കം കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പുതിയ പരാതി. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റ പാടുകളുമായി തിങ്കളാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്വന്തം വീട്ടുകാര്‍ക്കൊപ്പമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് രാഹുലിനെതിരെ യുവതി നല്‍കിയ സമാന പരാതിയില്‍ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരില്‍ പന്തിരങ്കാവ് എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു.എന്നാല്‍ പിന്നീട് താന്‍ പരാതി നല്‍കിയത് വീട്ടുകാരുടെ പ്രേരണ പ്രകാരമാണെന്നും രാഹുലിനൊപ്പം കഴിയാന്‍ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വന്നു. പിന്നാലെ കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു.തുടര്‍ന്ന് ഇരുവരും പന്തീരങ്കാവിലെ വീട്ടില്‍ വീണ്ടും ഒരുമിച്ചായിരുന്നു താമസം.

കഴിഞ്ഞ രാത്രി 8 മണിയോടെയാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭര്‍ത്താവ് രാഹുല്‍ ആണ്് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി പൊലീസ് മൊഴി എടുക്കാന്‍ എത്തിയെങ്കിലും യുവതി പരാതി പറഞ്ഞില്ല. രാത്രി വൈകി, യുവതിയുടെ മാതാപിതാക്കള്‍ എറണാകുളത്ത് നിന്ന് വന്നു. രാവിലെ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്‌റ്റേഷനില്‍ എത്തി ഭര്‍തൃ പീഡനം ആരോപിച്ച് പരാതി നല്‍കി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. രാഹുലിന് ഒപ്പം കഴിയാന്‍ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക