India

മഹാരാഷ്‌ട്രയില്‍ നിന്നാരംഭിച്ച് ഇന്ത്യമുഴുവന്‍ കലാപം പരത്താന്‍ കോണ്‍ഗ്രസ് ഗൂഢപദ്ധതിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി

Published by

മുംബൈ: ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണെന്ന ആരോപണമുയര്‍ത്തി മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മാധ്യമപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി. തന്റെ സമൂഹമാധ്യമപേജിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഈ കലാപം മഹാരാഷ്‌ട്രയില്‍ തുടങ്ങുമെങ്കിലും ക്രമേണ ഇന്ത്യ മുഴുവന്‍ പരത്തി ഒരു രാഷ്‌ട്രീയ സുനാമി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ആശിശ് ചിത്രാന്‍ഷി മുന്നറിയിപ്പ് നല്‍കുന്നു. മഹാവികാസ് അഘാഡിയിലെ എംഎല്‍എമാരെക്കൊണ്ട് കൂട്ടരാജിവെപ്പിക്കാനും ഗൂഢാലോചനയുള്ളതായി പറയുന്നു. ഈ വാര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ആശ്ചര്യകരമായ മറ്റൊരു കാര്യം.

കോണ്‍ഗ്രസ് പ്രവര്‍ത്തക ഹര്‍മീത് കൗര്‍ പങ്കുവെച്ച ആശിശ് ചിത്രാന്‍ഷിയുടെ വീഡിയോ:

ഇതിന് വേണ്ടി കോണ്‍ഗ്രസ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായിച്ചേര്‍ന്ന് ഗൂഢാലോചനയ്‌ക്ക് പദ്ധതിയിടുന്നുണ്ട്. പിന്നാലെ ഇന്ത്യാമുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് ഇന്ത്യയാകെ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്ന് പറയുന്നു. മഹാരാഷ്‌ട്രയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അശോക് വാങ്കഡെയുമായി ചേര്‍ന്ന് ന്യൂസ് ലോഞ്ചര്‍ എന്ന യൂട്യൂബ് വാര്‍ത്താ വെബ്സൈറ്റ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ആശിശ് ചിത്രാന്‍ഷി. ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ആണ് ആശിശ് ചിത്രാന്‍ഷി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിരോധിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കലാപത്തിനാണ് കോണ്‍ഗ്രസ് സാധ്യത തേടുന്നതെന്നാണ് അശിശ് ചിത്രന്‍ഷി ആരോപിക്കുന്നത്. അതേ സമയം വയനാട്ടില്‍ പ്രിയങ്ക ഗാന്ധഇയുടെ വിജയവും ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം മുന്നണിയുടെ വിജയവും ഇതേ വോട്ടിംഗ് യന്ത്രം സൃഷ്ടിച്ചതാണെന്ന കാര്യം മറന്നോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമില്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വേണുഗോപാല്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പുളവാക്കുന്നതാണെന്നും ഗ്രൗണ്ട് റിയാലിറ്റിക്ക് വിപരീതമാണെന്നും ആരോപിച്ചിരുന്നു. മഹാരാഷ്‌ട്രയില്‍ നരേന്ദ്രമോദി പ്രസംഗിച്ച പലയിടങ്ങളിലും കസേരകള്‍ കാലിയായിരുന്നുവെന്നും വേണുഗോപാല്‍ കള്ളം പറഞ്ഞിരുന്നു. മോദിയുടെ യോഗങ്ങളില്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കിയിരുന്നപ്പോഴാണ് വേണുഗോപാലിന്റെ ഈ തള്ള്. സ്വര ഭാസ്കര്‍ ഉള്‍പ്പെടെ ചില എന്‍ജിഒകളുമായി ബന്ധപ്പെട്ടവരും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചിരുന്നു. സ്വര ഭാസ്കറിന്റെ ഭര്‍ത്താവ് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അതേ സമയം എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞത് മഹായുതിയുടെ വിജയത്തിന് പിന്നില്‍ സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ നല്‍കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനവും യോഗിയുടെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ തുണ്ടം തുണ്ടമായി ചിതറുമെന്ന മുദ്രാവാക്യവും ആണെന്നാണ് പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക