ലാഹോർ : ഇസ്ലാമാബാദിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പഞ്ചാബ് സർക്കാർ തിങ്കളാഴ്ച അറിയിച്ചു.
ഇസ്ലാമാബാദിലേക്കുള്ള വഴിയിൽ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുകൂലികൾ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പോലീസുകാരെ ബന്ദികളാക്കിയതായി പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അസ്മ ബൊഖാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 72 കാരനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ നവംബർ 24 ന് ആഹ്വാനം ചെയ്തു.
തെറ്റായ ഉത്തരവ്, ആളുകളുടെ അന്യായമായ അറസ്റ്റുകൾ, 26-ാം ഭേദഗതി പാസാക്കിയത് എന്നിവയെ അപലപിക്കുകയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യ ഭരണത്തെ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കാനും നിരവധി പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡി-ചൗക്കിൽ കുത്തിയിരിപ്പ് സമരം നടത്താനും ശ്രമിച്ചു.
അവരുടെ ശ്രമം പരാജയപ്പെടുത്താൻ പോലീസ് ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് നീങ്ങി. അധികാരികളുടെ കടുത്ത ചെറുത്തുനിൽപ്പിന് ഇടയിൽ അദ്ദേഹത്തിന്റെ അനുയായികൾ തിങ്കളാഴ്ച രാത്രി ഇസ്ലാമാബാദിലേക്ക് മാർച്ച് പുനരാരംഭിച്ചു. ഖൈബർ പഖ്ത്തൂൺ മുഖ്യമന്ത്രി അലി അമിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെൻ്റ്, സുപ്രീം കോടതി എന്നിവിടങ്ങളിലേക്കാണ് മാർച്ച് നടത്തിയത്. തുടർന്ന് പോലീസ് ഇത് പ്രതിരോധിക്കുകയും ഏറ്റുമുട്ടലിൽ 70 പോലീസുകാർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ അഞ്ച് പോലീസുകാരുടെ നില ഗുരുതരമാണെന്ന് ബൊഖാരി പറഞ്ഞു.
അതേ സമയം സംഭവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ഇസ്ലാമാബാദിലും 3500-ലധികം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ നേതാക്കൾ പറഞ്ഞു. പിടിഐ സ്ഥാപകൻ ഇമ്രാൻ ഖാനെയും മറ്റ് രാഷ്‌ട്രീയ തടവുകാരെയും ജയിലിൽ നിന്ന് മോചിപ്പിക്കുകയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുകയും ചെയ്യുന്നതുവരെ ഇസ്ലാമാബാദിലേക്കുള്ള പാർട്ടിയുടെ ലോംഗ് മാർച്ച് തുടരുമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ പറഞ്ഞു.
2022-ൽ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനെ പിരിച്ചുവിട്ടതു മുതൽ ഡസൻ കണക്കിന് കേസുകളിൽ മുൻ പ്രധാനമന്ത്രി ഉൾപ്പെട്ടിട്ടുണ്ട്. 200-ലധികം കേസുകൾ നേരിടുന്ന അദ്ദേഹം കഴിഞ്ഞ വർഷം മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക