ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച കേസില്‍ ഭർത്താവ് രാഹുൽ പോലീസ് പിടിയിൽ. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചതിനെ തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഇയാൾ മെഡിക്കൽ പരിശോധനയ്‌ക്ക് തയ്യാറായിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി.
ആംബുലൻസിൽ വെച്ചും മർദ്ദിച്ചെന്ന് യുവതി പറയുന്നു. ഇത്തവണ മർദ്ദനം മീൻകറിയിൽ പുളി കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു. അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു പ്രതി. സമാനതകളില്ലാത്ത സംഭവമാണ് ഇത്. മുമ്പ് ഈ പെണ്‍കുട്ടിയുടെ കാരുണ്യത്തില്‍ കേസൊഴിവാക്കി രക്ഷപ്പെട്ടതാണ് പ്രതി.ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.
ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മർദ്ദനമുണ്ടായി. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്‍കി. എന്നാൽ ഇന്ന് പരാതി എഴുതി നൽകിയതോടെ പോലീസ് കേസെടുത്തു. ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കിയത് രണ്ടു മാസം മുമ്പാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും ഭര്‍ത്താവുമായ രാഹുല്‍ പി. ഗോപാലും, ആദ്യം പരാതി നല്‍കിയിരുന്ന ഭാര്യയും നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.
മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കുകയും, പൊലീസ് ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ വധശ്രമക്കേസും ചുമത്തി. എന്നാല്‍, രാഹുല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടയിലാണ് ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ കേസ് നല്‍കിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക