കൊല്ലം: ഈ മാസം 30, ഡിസംബര്‍ 1, 2, 3 തീയതികളില്‍ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ശ്രീനാരായണഗുരു അന്താരാഷ്‌ട്ര സാഹിത്യ സാംസ്‌കാരികോത്സവം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള സാംസ്‌കാരിക വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംയുക്തമായാണ് സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.
പുസ്തകോത്സവം, ഫിലിം ഫെസ്റ്റിവല്‍, സാഹിത്യ ചര്‍ച്ചകള്‍, നാടകങ്ങള്‍, കഥാ കവിതാ കഥാപ്രസംഗ മത്സരങ്ങള്‍, ചര്‍ച്ചകള്‍, കേരള കലാമണ്ഡലം ഒരുക്കുന്ന ദൈവദശകത്തെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10.30ന് ജസ്റ്റിസ് കെ. ചന്ദ്രു നിര്‍വഹിക്കും. സാഹിത്യകാരി അനിതാ നായര്‍ മുഖ്യാതിഥിയായിരിക്കും. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എന്‍.എസ്. മാധവനെ ആദരിക്കും. തുടര്‍ന്ന് കലാ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍.
അന്താരാഷ്‌ട്ര ഫോട്ടോഗ്രാഫി ക്യൂറേറ്ററും, എഴുത്തുകാരിയുമായ ഷാര്‍ലറ്റ് കോട്ടനുമായുള്ള സംവാദ സദസ്സ് 30ന് ഉച്ചക്ക് 2ന്. തുടര്‍ന്ന് ഓപ്പണ്‍ എഡ്യൂക്കേഷന്‍ സെമിനാര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഉമ കഞ്ചിലാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പുസ്തകോത്സവം നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സയിദ് അക്തര്‍ മിര്‍സ നിര്‍വഹിക്കും. ആറ് ലോകസിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ 1ന് സെമിനാറുകള്‍. ഉദ്ഘാടനം കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ നിര്‍വഹിക്കും. ശ്രീനാരായണഗുരു- ദര്‍ശനം- സാഹിത്യം എന്ന വിഷയത്തില്‍ സെമിനാര്‍ തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക നിര്‍വഹിക്കും. കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75 വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ചരിത്ര നായകരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിക്കും.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സ്റ്റാര്‍ട്ടര്‍ ഫോറത്തിന്റെ ഉദ്ഘാടനം 2ന് ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഡിസംബര്‍ 3ന് പാനല്‍ ചര്‍ച്ച, കൊല്ലം സ്മൃതി. 3ന് സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.വി. വേണു മുഖ്യാതിഥിയാകും.
വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. ജഗതി രാജ് വി.പി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു. കെ. മാത്യു, അജോയ് ചന്ദ്രന്‍, കെ ബി.മുരളി കൃഷ്ണന്‍, ഡി. സുകേശന്‍, എ. നിസാമുദ്ദീന്‍, ഡോ. സി. ഉദയകല തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക