India

മഹായുതി സഖ്യത്തിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് വനിതാ വോട്ടര്‍മാര്‍

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ മഹാവിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് വനിതാവോട്ടര്‍മാര്‍. ഇതിന് കാരണമാകട്ടെ മഹായുതി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നായ മുഖ്യമന്ത്രി മജ്ഹി ലഡ്കി ബെഹന്‍ യോജനയും. ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1,500 രൂപ നേരിട്ട് എത്തുന്നതാണ് പദ്ധതി. സംസ്ഥാനത്തെ രണ്ട് കോടിയിലധികം വരുന്ന വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാനത്ത് 9.70 കോടി വോട്ടര്‍മാരുള്ളതില്‍ 4.69 കോടി വനിതകളാണ്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പ്രതിമാസം 2,100 രൂപയായി ഉയര്‍ത്തുമെന്ന വാഗ്ദാനവും മഹായുതി സഖ്യം നല്‍കിയിരുന്നു.

സ്ത്രീശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ ജനകീയപദ്ധതികളിലൊന്നായി മാറുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ- പോഷകാഹാര നിലയിലെ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒപ്പം സ്ത്രീകള്‍ അവരുടെ മുന്‍ഗണന അനുസരിച്ച് ചെലവഴിക്കുകയും സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരാകുകയും ചെയ്യുമെന്നും സര്‍ക്കാര്‍ കണ്ടു. സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് സ്വയം തൊഴില്‍, ഉപജീവനമാര്‍ഗങ്ങള്‍ വികസിപ്പിക്കുക മാത്രമല്ല, കുടുംബ തലത്തില്‍ അവരുടെ തീരുമാ നങ്ങള്‍ എടുക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിക്കാനും തുടങ്ങി.

മഹാരാഷ്‌ട്രയില്‍ സ്ഥിരതാമസക്കാരായ 21 മുതല്‍ 65 വയസുവരെയുള്ള, പ്രതിവര്‍ഷം 2.5 ലക്ഷം രൂപയില്‍ താഴെ കുടുംബവരുമാനമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. 2024 ആഗസ്തില്‍ രക്ഷാബന്ധന്‍ ദിനത്തിലാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്‍ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ ലാഡ്ലി ബെഹന്‍ യോജന മാതൃകയിലാണ് പദ്ധതി ആരംഭിച്ചത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി, യോഗ്യരായ 30 ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി. ഇതോടെ പദ്ധതിയെക്കുറിച്ചുണ്ടായിരുന്ന ധാരണ മാറി. തുടര്‍ന്ന് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. നവംബര്‍ വരെ 2.34 കോടി ഗുണഭോക്താക്കളുടെ അപേക്ഷകള്‍ തീര്‍പ്പാക്കി വിതരണം പൂര്‍ത്തിയായതായാണ് കണക്ക്. 13 ലക്ഷം അപേക്ഷകള്‍ കൂടി തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇത് ഡിസംബറില്‍ തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 1,12,70,261 അപേക്ഷകളാണ് പദ്ധതിയുടെ പോര്‍ട്ടലിലൂടെ മാത്രം ലഭിച്ചത്. ഇതില്‍ 1,06,69,139 അപേക്ഷകള്‍ സ്വീകരിച്ചതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു.

മഹാരാഷ്‌ട്ര സര്‍ക്കാറിന്റെ നാരി ശക്തി ധൂത് ആപ്ലിക്കേഷന്‍ വഴിയും യോഗ്യരായ സ്ത്രീകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അങ്കണവാടികള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവിടങ്ങളിലൂടെയും പദ്ധതിയില്‍ ചേരാം. വെരിഫിക്കേഷനിലെ കാലതാമസം ഒഴിവാക്കാന്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആവശ്യമായ സഹായം പദ്ധതിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ബാങ്കുകള്‍ക്കും നല്‍കിയിട്ടുണ്ട്. പൂനെയില്‍ നിന്നാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത്. നാസിക്ക്, താനെ, മുംബൈ എന്നിവിടങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക