Kerala

ശബരിമലയിലെ പോലീസുകാര്‍ ആചാര ലംഘനം നടത്തരുത്: കേരള ക്ഷേത്ര സംരക്ഷണ സമിതി

Published by

തിരുവനന്തപുരം: ശബരിമലയിലെ പോലീസുകാര്‍ ആചാര ലംഘനം നടത്തരുതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് കഴിഞ്ഞദിവസം പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തി ആചാര ലംഘനം നടത്തിയിരുന്നു.

ശബരിമലയുടെ പവിത്രത കാത്തു സൂഷിച്ചുവേണം അവിടെ പോലീസ് കാര്യ നിര്‍വ്വഹണം നടത്താനെന്നുള്ള മുന്‍ ധാരണയും നിബന്ധനകളും കാറ്റില്‍ പറത്തിയാണ് പലപ്പോഴും പോലീസ് പെരുമാറി വരുന്നതെന്ന സാഹചര്യം നിലവിലുണ്ട്.

പൊന്നു പതിനെട്ടാംപടി അതീവ ഭക്തിയോടെ കയറി അയ്യനെ തൊഴാനെത്തുന്നവര്‍ പടിയിറങ്ങുമ്പോള്‍ ഭഗവാന് അഭിമുഖമായി മാത്രമേ ഓരോ പടിയും പിന്നോട്ട് ഇറങ്ങാറുള്ളു. ഈ കീഴ്‌വഴക്കങ്ങള്‍ തൃപ്പടികളില്‍ അയ്യപ്പന്മാരെ സഹായിക്കാനും തള്ളിക്കയറ്റം നിയന്ത്രിക്കാനും നിയോഗിക്കപ്പെട്ട പോലീസുകാരും കര്‍ശനമായി പാലിച്ചുകൊണ്ട് അവര്‍ ഒരിക്കലും ഭഗവാന് പുറം തിരിഞ്ഞുകൊണ്ട് നില്‍ക്കാറില്ല.

എന്നാലിപ്പോള്‍ അതിനു വിപരീതമായി പോലീസ് സേന യാതൊരു തത്വദീ ക്ഷയുമില്ലാതെ പതിനെട്ടു പടികളിലും ഭഗവാന് പുറം തിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോയെടുത്തത് ഗുരുതരമായ ആചാര ലംഘനമാണ്. ആ കാഴ്ച ഭക്ത ജനങ്ങളില്‍ വലിയ ദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. അയ്യപ്പ സന്നിധിയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാര്‍ വ്രതം നോറ്റ് മാലയിട്ട് ശബരിമലക്കു പോയിരുന്ന സംസ്‌കാരം തിരക്ക് വര്‍ദ്ധിച്ചതോടെ ഉപേക്ഷിച്ച മട്ടാണ്. പ്രത്യേകിച്ച് പൊന്നു പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ടുള്ള അയ്യപ്പന്മാര്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നിരിക്കേ പടിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്നവര്‍ക്കും അത് ബാധകമായിരുന്നു.

കാലം മാറുന്നതോടെ കോലം മാറുന്ന രീതി ശബരിമലയില്‍ പതിവായിരിക്കുന്നതിന്റെ ഏറ്റവും അധാര്‍മ്മിക ദൃഷ്ടാന്തമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ദേവസ്വം ബോര്‍ഡും പോലീസ് മേധാവിയും ഇക്കാര്യത്തില്‍ ഭക്ത ജനങ്ങളോട് മാപ്പ് പറയുകയും ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കുകയും വേണം. സന്നിധാനത്തില്‍ നിയോഗിക്കപ്പെടുന്ന പോലീസ് വിഭാഗത്തിനു ആചാരങ്ങളുടെ പവിത്രതയില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെങ്കില്‍ അത് പാലിക്കാന്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്ന ഭക്ത ജനങ്ങളുടെ സംഘടനയെ ആ ചുമതലയേല്‍പ്പിക്കാനുള്ള ഹൃദയ വിശാലതയാണ് സര്‍ക്കാരും തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡും കാണിക്കേണ്ടതെന്നു കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക