India

അദാനി 100 കോടി വാഗ്ദാനം ചെയ്തെന്ന് രേവന്ത് റെഡ്ഡി; അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ഗാന്ധി; അദാനിയുടെ രക്തത്തിന് ദാഹിച്ച് കോണ്‍ഗ്രസ്

Published by

ന്യൂദല്‍ഹി: അദാനി ഏകദേശം 100 കോടി രൂപ തന്റെ സര്‍ക്കാരിന് വാഗ്ദാനം ചെയ്തെന്ന് തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇതോടെ അദാനി പ്രശ്നത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുക തന്നെയാണ് ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നത് കൂടുതല്‍ മറനീക്കി പുറത്തുവരികയാണ്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. യുഎസ് അറ്റോര്‍ണി അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റാരോപണം ചുമത്തിയ ഉടനെത്തന്നെയായിരുന്നു അദാനിയെ അറസ്റ്റ് ചെയ്യുക എന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഉയര്‍ന്നത്.

നിര്‍ദോഷമായ ഒരു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത അദാനിയെ വലിയ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. യുവാക്കളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുള്ള സ്കില്‍ യൂണിവേഴ്സിറ്റിയ്‌ക്കാണ് അദാനി തുക വാഗ്ദാനം ചെയ്തതെന്ന് രേവന്ത് റെഡ്ഡി പറയുന്നു. സ്കില്‍ യൂണിവേഴ്സിറ്റിക്ക് ആരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ടെണ്ടര്‍ വിളിച്ച് ജനാധിപത്യ രീതിയില്‍ മാത്രമേ കാര്യങ്ങള്‍ ചെയ്യൂ എന്നും രേവന്ത് റെഡ്ഡി പറയുന്നു.

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന എല്ലാ സംസ്ഥാനങ്ങളും അദാനിയുടെ നിക്ഷേപത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്. അതിന് ഉദാഹരണമാണ് കോണ്‍ഗ്രസ് രാജസ്ഥാന്‍ ഭരിച്ചിരുന്നപ്പോള്‍ അശോക് ഗെഹ് ലോട്ട് അദാനിയുടെ നിക്ഷേപത്തിനായി ചുവപ്പുപരവതാനി വിരിച്ചത്. ഛത്തീസ് ഗഡ് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രി ബാഗേല്‍ അദാനിയുടെ നിക്ഷേപം വന്‍തോതില്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മാത്രം പൊടുന്നനെ രേവന്ത് റെഡ്ഡി ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ് സംസാരിക്കുമ്പോള്‍ അദാനിയുടെ നിക്ഷേപം എന്തോ കള്ളപ്പണം എന്ന രീതിയാണ് ഉണ്ടാക്കുന്നത്.

എന്തായാലും മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും അദാനിയുടെ രക്തത്തിനായി നിലവിളിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. ഇതിനര്‍ത്ഥം. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ മോദി സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു പാവ സര്‍ക്കാരിനെ ഇന്ത്യയില്‍ വാഴിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന അജണ്ടയില്‍ രാഹുല്‍ ഗാന്ധിയും ഭാഗഭാക്കാണ് എന്നാണ്. ഇപ്പോഴിതാ അദാനിയ്‌ക്കെതിരെ കുറ്റം ചാര്‍ത്തിയ ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന് യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ചെറുരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് അവിടെ പാവ സര്‍ക്കാരുകളെ വാഴിച്ച് കോടികള്‍ വാരിക്കൂട്ടുന്ന സംഘടനയാണ് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍.

ട്രംപ് വന്നിട്ടും ജോര്‍ജ്ജ് സോറോസിന്റെ കളികള്‍ അവസാനിക്കില്ലേ?

പുതുതായി യുഎസ് പ്രസിഡന്‍റായി വിജയിച്ച ട്രംപ് ജനവരി 20ന് മാത്രമേ യുഎസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കൂ. അതിന് ശേഷം ഈ ജോര്‍ജ്ജ് സോറോസിന്റെ, ഡീപ് സ്റ്റേറ്റിന്റെ കളികള്‍ക്ക് അറുതി വരുമെന്ന് കരുതുന്നു. അതിനുള്ളില്‍ പരമാവധി നാശമുണ്ടാക്കാനാണ് ജോര്‍ജ്ജ് സോറോസും അവരുടെ വക്താക്കളായ ഇന്ത്യയിലെ കോണ്‍ഗ്രസും ശ്രമിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക