Cricket

ഭാരതത്തിന് 295 റണ്‍സ് ജയം: ആസ്‌ട്രേലിയന്‍ മണ്ണിലെ ഏറ്റവും വലിയ വിജയം

Published by

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. 534 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ആസ്‌ട്രേലിയ 238 റണ്‍സിന് എല്ലാവരും പുറത്തായി. 295 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ആസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്‌ത്തി.വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്‌ത്തി. ഓസിസ് നിരയില്‍ ട്രാവിസ് ഹെഡ് ആണ് ടോപ്‌സ്‌കോറര്‍. സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡ് ഇന്ത്യന്‍ നായകന്‍ ബുംറയുടെ പന്തില്‍ പുറത്തായി. ബുംറയാണ് കളിയിലെ കേമന്‍.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ഉസ്മാന്‍ ഖവാജയെ (4) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോറുയര്‍ത്തി. 17 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കി സിറാജ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഓസീസ് 795 എന്ന നിലയിലേക്ക് വീണു.മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെഡ് സ്‌കോര്‍ 150കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ ഹെഡിനെ പുറത്താക്കി നായകന്‍ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 89 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

ഹെഡിന്റെ മടക്കത്തിനു ശേഷം മിച്ചല്‍ മാര്‍ഷും പ്രതിരോധിച്ചു നോക്കിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെറിഞ്ഞ 44ാം ഓവറില്‍ താരം ബോള്‍ഡായി. 67 പന്തില്‍ 47 മാര്‍ഷിന്റെ സമ്പാദ്യം.
ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി സംപൂജ്യനായും, നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (രണ്ട്), മാര്‍നസ് ലബുഷെയ്ന്‍ (മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്‌സില്‍ മൂന്നാം ദിവസം പുറത്തായ മറ്റുള്ളവര്‍.യശസ്വി ജയ്‌സ്വാളിന് പുറമേ സൂപ്പര്‍ താരം വിരാട് കോഹ് ലിയും സെഞ്ച്വറി അടിച്ചതോടെ മൂന്നാം ദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by